സ്വർണ്ണക്കടത്ത് കേസ്: സന്ദീപിന്‍റെ ബാഗ് തുറന്ന് പരിശോധിക്കുന്നതിൽ കോടതി തീരുമാനം ഇന്ന്

By Web TeamFirst Published Jul 15, 2020, 7:16 AM IST
Highlights

ബാഗില്‍ ചില നിര്‍ണായക വിവരങ്ങള്‍ അടങ്ങിയിരിക്കുന്ന രേഖകളുണ്ടെന്നും അതിനാൽ എൻഐഎ സംഘമെത്തിയപ്പോള്‍ ബാഗ് ഒളിപ്പിക്കാൻ സന്ദീപ് ശ്രമിച്ചിരുന്നുവെന്നുമാണ് വിവരം. 

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപിന്‍റെ ബാഗ് തുറന്ന് പരിശോധിക്കുന്നതിൽ കോടതി തീരുമാനം ഇന്നുണ്ടായേക്കും. സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് ഇവരുടെ കൈവശമുണ്ടായിരുന്ന ഒരു ബാഗ് കൂടി എന്‍ഐഎ കണ്ടെടുത്തിരുന്നു. ബാഗില്‍ ചില നിര്‍ണായക വിവരങ്ങള്‍ അടങ്ങിയിരിക്കുന്ന രേഖകളുണ്ടെന്നും അതിനാൽ എൻഐഎ സംഘമെത്തിയപ്പോള്‍ ബാഗ് ഒളിപ്പിക്കാൻ  സന്ദീപ് ശ്രമിച്ചിരുന്നുവെന്നുമാണ് വിവരം. 

സ്വര്‍ണ്ണക്കടത്ത് ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളറിയുന്നതിനായി ബാഗ് തുറന്ന് പരിശോധിക്കാൻ എൻഐഎ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇന്ന് ഇക്കാര്യത്തിൽ കോടതി നിലപാട് സ്വീകരിക്കുമെന്നാണ് വിവരം. അതേസമയം കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ സരിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സരിത്തിനെ കസ്റ്റഡിയിൽ വേണമെന്ന എൻ ഐ എയുടെ അപേക്ഷ കോടതി പരിഗണിക്കും. 

അതേ സമയം സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പള്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് പത്തു മണിക്കൂറോളം ചോദ്യം ചെയ്തു. ശിവശങ്കർ നൽകിയ മൊഴികളിൽ പലതിലും വൈരുധ്യമുണ്ടെന്നാണ് സൂചന. മണിക്കൂറുകൾ നീണ്ട ഉദ്വേഗഭരിതമായ ചോദ്യം ചെയ്യലിനൊടുവിൽ പുലർച്ചെ രണ്ടരയോടെയാണ് ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചത്.

ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് കസ്റ്റംസ് സംഘം പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. തൊട്ടുപിന്നാലെ വൈകിട്ട് 5 മണിയോടെ ശിവശങ്കർ സ്വന്തം വാഹനത്തിൽ കസ്റ്റംസ് ആസ്ഥാനത്തെത്തി. സ്വപ്നയുമായും സരിത്തുമായുമുള്ള ബന്ധത്തെ കുറിച്ചായിരുന്നു ചോദ്യങ്ങളിലേറെയും. ഇരുവരുമായുള്ള സൗഹൃദം കള്ളക്കടത്തിന് സഹായം നൽകുന്നതിലേക്ക് എത്തിയോ എന്നതിലൂന്നിയായിരുന്നു ചോദ്യങ്ങൾ.

ജൂലൈ 1, 2 തീയതികളിൽ ശിവശങ്കറിന്റെ ഫ്ളാറ്റിന് സമീപത്തെ ഹോട്ടലിൽ കളളക്കടത്തു സംഘാംഗങ്ങൾ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചുള്ള ചോദ്യങ്ങളും ഉണ്ടായി. ഇവയിൽ പലതിനും ശിവശങ്കർ നൽകിയ മൊഴികളിൽ വൈരുധ്യമുണ്ടെന്ന സൂചനകളാണ് പുറത്തു വരുന്നത്. 

 

 

 

click me!