പണം നൽകിയവരുടെ വിവരങ്ങൾ, ഡെപ്പോസിറ്റ് രേഖകൾ, സന്ദീപിന്റെ ബാഗിൽ നിന്ന് കണ്ടെത്തിയത് നിർണായക രേഖകൾ

By Web TeamFirst Published Jul 16, 2020, 10:23 AM IST
Highlights

പണം നൽകിയവരുടെ വിശദാംശങ്ങളും സഹകരണ ബാങ്കിലെ ഫിക്സഡ് ഡെപ്പോസിറ് രേഖകളുമാണ് ലഭിച്ചത്. 8 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ് രേഖകളാണ് ബാഗിലുണ്ടായിരുന്നത്.

കൊച്ചി: തിരുവനന്തപുരത്ത് നയതന്ത്രബാഗ് ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപിന്റെ എന്‍ഐഎ കണ്ടെടുത്ത ബാഗിൽ നിന്ന് കണ്ടെത്തിയത് നിർണായക രേഖകൾ. പണം നൽകിയവരുടെ വിശദാംശങ്ങളും സഹകരണ ബാങ്കിലെ ഫിക്സഡ് ഡെപ്പോസിറ് രേഖകളുമാണ് ലഭിച്ചത്. 8 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ് രേഖകളാണ് ബാഗിലുണ്ടായിരുന്നത്. ഇതോടൊപ്പം ഇടപാടുകാരുടെ വിവരങ്ങൾ ഉൾപ്പെടുന്ന ഡയറി, ലാപ്ടോപ് എന്നിവയും കണ്ടെടുത്തു.

എന്നാൽ സ്വർണ്ണക്കടത്തിന് പണം നൽകിയവരുടെ വിവരങ്ങളാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.  സന്ദീപിനെ വീണ്ടും ചോദ്യം ചെയ്ത് ഇക്കാര്യത്തിൽ വ്യക്തത വരുത്തും. ഡയറിയിൽ നിന്നും കണ്ടെത്തിയ ആളുകളിൽ മലപ്പുറം, കോഴിക്കോട്, എറണാകുളം സ്വദേശികളുടെ വിവരങ്ങളാണുള്ളത്. എന്നാൽ ഇവരുടെ പൂർണവിവരങ്ങൾ പുറത്ത് വിടാൻ അന്വേഷണസംഘം തയ്യാറായിട്ടില്ല. ഇവരിലേക്ക് അന്വേഷണം നീളുമെന്നാണ് ലഭ്യമാകുന്ന പുതിയ വിവരം. 

ഇതോടൊപ്പം സന്ദീപിന്റെ യൂണിവേഴ്സിറ്റി ബിരുദ സർട്ടിഫിക്കറ്റുകളും ബാഗിലുണ്ടായിരുന്നതായുള്ള വിവരങ്ങളും ലഭ്യമാകുന്നുണ്ട്.  നളന്ദ, സിക്കിം യൂണിവേഴ്സിറ്റി വെരിഫിക്കേറ്റ് സർട്ടിഫിക്കേറ്റുകളാണ് ഉണ്ടായിരുന്നത്. ഇവ വ്യാജ സർട്ടിഫിക്കറ്റുകളാണോ എന്നത് പരിശോധിക്കും. ഒപ്പം ഡോളർ, ഒമാൻ റിയാൽ അടക്കമുള്ള വിദേശ കറൻസിയും ബാഗിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. 

അതേ സമയം വിമാനത്താവളം സ്വർണ്ണക്കടത്ത് കേസിൽ രണ്ട് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. മഞ്ചേരി സ്വദേശി അൻവറും, വേങ്ങര സ്വദേശി സയ്തലവിയുമാണ് അറസ്റ്റിലായത്. വിമാനത്താവള സ്വർണ്ണക്കടത്തിനായി പ്രതികൾ എട്ട് കോടി രൂപ സമാഹരിച്ചുവെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് രണ്ട് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തുന്നത്. പ്രതികളായ റമീസും ജലാലും സന്ദീപും അംജത് അലിയും ചേർന്നാണ് പണം സമാഹരിച്ചത്. ഈ തുകയ്ക്കാണ് സ്വർണം ദുബായിൽ നിന്ന് എത്തിച്ചത്. മൂവാറ്റുപുഴ സ്വദ്ദേശി ജലാലാണ് ജ്വല്ലറികൾക്ക് വിൽക്കാൻ കരാറുണ്ടിക്കിയത്. ഏഴ് ലക്ഷം രൂപയാണ് സരിത്തിനും സ്വപ്നക്കുമായി കമ്മീഷനായി നിശ്ചയിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. 

 

 

click me!