സ്വർണക്കടത്ത് കേസ്: എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു

By Web TeamFirst Published Aug 15, 2020, 3:48 PM IST
Highlights

സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ചാണ് പ്രധാന അന്വേഷണം. രണ്ട് ലോക്കറുകളിൽ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വർണവും കണ്ടെത്തിയിരുന്നു. 

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി എം ശിവശങ്കര്‍ എൻഫോഴ്സ്മെന്റ് ഓഫീസില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ്  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്യുന്നത്. സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ചാണ് പ്രധാനമായി അന്വേഷണം നടക്കുന്നത്.

രണ്ട് ലോക്കറുകളിൽ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വർണവും നേരത്തെ കണ്ടെത്തിയിരുന്നു. ചാർട്ടേഡ് അക്കൗണ്ടിനൊപ്പം ജോയിൻറ് അക്കൗണ്ടാണിത്. ശിവശങ്കർ ആവശ്യപ്പെട്ടിട്ടാണ് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് നേരത്തെ മൊഴി നൽകിയിരുന്നു. ശിവശങ്കറിന്റെ ബിനാമി ഇടപാടാണോ ഇതെന്ന് എൻഫോഴ്സ്മെന്റ് അന്വേഷിക്കും. ലൈഫ് മിഷൻ വഴി കിട്ടിയ കമ്മീഷനാണ് ഒരു കോടിയെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.

സ്വപ്നയുടെ മൊഴിയിൽ നിന്ന് കിട്ടിയ നിര്‍ണായക വിവരങ്ങൾ അനുസരിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടിരുന്നു. ദേശീയ അന്വേഷണ ഏജൻസിക്കും കസ്റ്റംസിനും പിന്നാലെയാണ് എൻഫോഴ്മെന്റ് ഡയറക്ട്രേറ്റും എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. 

ശിവശങ്കറിന്‌ സ്വപ്നയുടെ ദുരൂഹ വ്യക്തിത്വത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇഡി വ്യക്തമാക്കിയിരുന്നു. കൂടാതെ, അടുത്ത ബന്ധമാണ് എം ശിവശങ്കറുമായി സ്വപ്നയ്ക്ക് ഉണ്ടായിരുന്നതെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പറഞ്ഞിരുന്നു.

സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നല്ല സ്വാധീനമുണ്ടെന്ന് സ്വപ്ന മൊഴി നൽകിയതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. പ്രളയ സഹായം സ്വരൂപിക്കാന്‍ എം  ശിവശങ്കർ യുഎഇയിൽ പോയ സമയത്ത് സ്വപ്നയും ഒപ്പമുണ്ടായിരുന്നു എന്നാണ് ഇഡിയുടെ കണ്ടെത്തൽ.

click me!