സ്വര്‍ണക്കടത്ത് ആസൂത്രണം നടന്നത് എം ശിവശങ്കറിന്‍റെ ഫ്ലാറ്റിൽ വച്ചെന്ന് കസ്റ്റംസ്

By Web TeamFirst Published Jul 12, 2020, 11:24 AM IST
Highlights

ശിവശങ്കര്‍ ഇല്ലാത്ത സമയത്തും പ്രതികൾ ഫ്ലാറ്റിലെത്താറുണ്ട്. ആസൂത്രണത്തിൽ ശിവശങ്കറിന് പങ്കില്ലെന്നാണ് വിവരം 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലൊമാറ്റിക് ബാഗിൽ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസിൽ നിര്‍ണ്ണായക നീക്കങ്ങളുമായി കസ്റ്റംസ്. ഉന്നത ബന്ധങ്ങളും വലിയ ആസൂത്രണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പുറത്ത് വരികയാണ്. ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്‍റെ ഫ്ലാറ്റിൽ വച്ചാണ് ജൂൺ മുപ്പതിന് നടന്ന സ്വര്‍ണക്കത്തിന്‍റെ ആസൂത്രണം നടന്നതെന്ന വിവരമാണ് ഇപ്പോൾ കസ്റ്റംസ് പുറത്ത് വിടുന്നത്. 

ജൂൺ 30 ലെ സ്വർണക്കടത്തിന്‍റെ ആസൂത്രണം നടന്നത് ശിവശങ്കറിന്‍റെ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ്. ഇത് സംബസിച്ച തെളിവുകൾ ലഭിച്ചതായി കസ്റ്റംസ് വ്യക്തമാക്കി. എന്നാൽ സ്വര്‍ണക്കടത്ത് ഗൂഢാലോചനയിൽ ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവില്ലെന്നാണ് കസ്റ്റംസ് പറയുന്നത്.  ശിവശങ്കർ  ഇല്ലാത്തപ്പോഴും പ്രതികൾ ഫ്ലാറ്റിൽ വരാറുണ്ടായിരുന്നു. 

സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിൽ നിന്ന് നടന്ന് കയറാവുന്ന ദൂരത്തുള്ള ഫ്ലാറ്റിലാണ് ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കർ താമസിച്ചിരുന്നത്. ഇന്നലെ കസ്റ്റംസ് ഫ്ലാറ്റിലെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. സന്ദര്‍ശക ഡയറിയും ഫ്ലാറ്റിലെ കെയര്‍ടെയ്ക്കർമാരുടെ മൊഴിയും എല്ലാം കേസ് അന്വേഷണത്തിന്‍റെ ഭാഗമായി വിശദമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. 

ഇതോടെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്  എം ശിവശങ്കറിന്‍റെ സ്വാധീനം പ്രതികൾ ഉപയോഗിച്ചിരുന്നു എന്നതിന് കൂടുതൽ തെളിവുകൾ പുറത്ത് വരുകയാണ്. ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കരിന്‍റെ ഉന്നത ബന്ധം പ്രതികൾ ഉപയോഗിച്ചിരുന്നു. ഗൂഢാലോചനയിൽ നേരിട്ട് പങ്കൊന്നും എം ശിവശങ്കറിന് ഇല്ലെന്നാണ് ഇപ്പോൾ കസ്റ്റംസ് പറയുന്നത്. എം ശിവശങ്കര് ഇല്ലാത്ത സമയത്തും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും ഇടനിലക്കാരുമായ സ്വപ്ന സുരേഷും സരിത്തും സന്ദീപ് നായരുമെല്ലാം ഫ്ലാറ്റിലെ നിത്യ സന്ദര്‍ശകരായിരുന്നു എന്നതിനുള്ള തെളിവുകളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്
 

click me!