ആത്മഹത്യ ശ്രമം നാടകമോ? ജയഘോഷിന്റെ നീക്കങ്ങളിൽ ദുരൂഹത, ആശുപത്രി വിട്ട ശേഷം കസ്റ്റംസ്റ്റ് ചോദ്യം ചെയ്യും

By Web TeamFirst Published Jul 18, 2020, 10:04 AM IST
Highlights

 ആത്മഹത്യ ശ്രമം ഇയാൾ നടത്തുന്ന നാടകമാണോയെന്ന് അന്വേഷണ ഏജൻസികൾക്ക് സംശയമുണ്ട്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യുമെന്ന വ്യക്തമായ ധാരണ ഇയാൾക്ക് ഉണ്ടായിരുന്നതായാണ് വിവരം

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ജയഘോഷിന്റെ നീക്കങ്ങളിൽ ദുരൂഹത. ആശുപത്രി വിട്ട ശേഷം ഇയാളെ കസ്റ്റംസ്റ്റ് ചോദ്യം ചെയ്യും. എമിഗ്രേഷനിലും കോൺസുലേറ്റിലും പ്രവർത്തിച്ചപ്പോഴുള്ള ഇയാളുടെ സാമ്പത്തിക വളർച്ചയും പരിശോധിക്കും. ആത്മഹത്യ ശ്രമം ഇയാൾ നടത്തുന്ന നാടകമാണോയെന്ന് അന്വേഷണ ഏജൻസികൾക്ക് സംശയമുണ്ട്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യുമെന്ന വ്യക്തമായ ധാരണ ഇയാൾക്ക് ഉണ്ടായിരുന്നതായാണ് വിവരം. ഇത് മുന്നിൽ കണ്ടാണ് ആത്മഹത്യാശ്രമം  നടത്തിയതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

സ്വർണ്ണക്കടത്ത് സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും താൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നുമാണ് ജയ് ഘോഷ് മജിസ്ടേറ്റിന് മുന്നിൽ നൽകിയ മൊഴി. സ്വർണ്ണക്കടത്തുകാർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഇയാൾ പറയുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥനായ ഇയാൾ എന്തുകൊണ്ട് ഇക്കാര്യങ്ങൾ പൊലീസിനെയോ മറ്റ് ബന്ധപ്പെട്ട അധികൃതരെയോ പരാതി മുഖേനെ പോലും അറിയിച്ചില്ലെന്ന ചോദ്യം അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. അതോടൊപ്പം കോൺസുലേറ്റിലെ മറ്റ് സുരക്ഷാജീവനക്കാർക്കില്ലാത്ത ഭയം എന്തിനായിരുന്നു ഇദ്ദേഹത്തിനെന്നതും ചോദ്യമാണ്. 

മൂന്നു വര്‍ഷമായി യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന ഘോഷ് സ്വര്‍ണക്കടത്തു കേസ് വിവരങ്ങള്‍ പുറത്തുവന്നതു മുതല്‍ പരിഭ്രാന്തനായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലി  ചെയ്തിരുന്ന ഘോഷ് മൂന്നു വര്‍ഷം മുന്പാണ് യുഎഇ കോണ്‍സുല്‍ ജനറലിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥനായത്. സ്വര്‍ണക്കടത്ത് കണ്ടെത്തിയ ദിവസങ്ങളിലടക്കം സ്വപ്ന സുരേഷും സരിത്തും ജയഘോഷുമായി സംസാരിച്ചെന്ന് സൂചന നല്‍കുന്ന  ഫോണ്‍ രേഖകളും പുറത്തുവന്നിരുന്നു.  പിന്നാലെ ഘോഷില്‍ നിന്ന് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരും വിവരങ്ങള്‍ ശേഖരിച്ചു. എന്നാൽ പല വിവരങ്ങളും മറച്ചുവെച്ചാണ് ഇയാൾ സംസാരിച്ചിരുന്നത്.  

അതിനിടെ ഇയാളുടെ നിയമനം സംബന്ധിച്ചും ദുരൂതയുണ്ട്. സംസ്ഥാന സെക്യുരിറ്റി കമ്മിറ്റി ശുപാർശ ചെയ്യാതെയായിരുന്നു കോൺസുൽ ജനറലിന്റെ ഗൺമാൻ നിയമനം. ഡിജിപിയുടെ ഉത്തരവിലാണ് ജയ് ഘോഷ് ഗൺമാനായത്. അതേ സമയം വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പ്രകാരമാണ് നിയമനമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. എമിഗ്രേഷൻ വകുപ്പിൽ നിന്ന് 5 വർഷത്തെ ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി എആർ ക്യാമ്പിലേക്ക് മടങ്ങിയ ഇയാളെ എന്തുകൊണ്ട് കോൺസുലേറ്റ് ജനറലിന്റെ ഗൺമാനായി നിയമിച്ചെന്നതിൽ ദുരൂഹത നിലനിൽക്കുന്നു. 

click me!