Latest Videos

സന്ദീപിന്റെ ഫോൺ കോൾ പിന്തുടർന്ന് അന്വേഷണം, സ്വപ്‌നയും പിടിയിലായത് എൻഐഎക്ക് നേട്ടം

By Web TeamFirst Published Jul 11, 2020, 9:35 PM IST
Highlights

എന്നാൽ സന്ദീപിനൊപ്പം സ്വപ്നയെയും പൊലീസിന് പിടികൂടാനായി. ഇതോടെ കേസിലെ പ്രധാന പ്രതികൾ രണ്ട് പേരാണ് അറസ്റ്റിലായത്

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികൾ പിടിയിലായത് എൻഐഎക്ക് നേട്ടമായി. മുഖ്യപ്രതികളിൽ ഒരാളായ സന്ദീപിനെ തിരഞ്ഞാണ് എൻഐഎ സംഘം നീങ്ങിയത്. സന്ദീപിന്റെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബെംഗലൂരുവിൽ എത്തിയത്. 

എന്നാൽ സന്ദീപിനൊപ്പം സ്വപ്നയെയും പിടികൂടാനായി. ഇതോടെ കേസിലെ പ്രധാന പ്രതികൾ രണ്ട് പേരാണ് അറസ്റ്റിലായത്. ഇരുവരെയും ഒപ്പം പിടികൂടാനായത് അന്വേഷണം എളുപ്പത്തിലാക്കുമെന്നാണ് കരുതുന്നത്. കേസിൽ മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത് കുമാർ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസൽ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായർ കേസിലെ നാലാം പ്രതിയാണ്.

സന്ദീപിനെയും സ്വപ്നയെയും പിടികൂടാൻ വലിയ റാക്കറ്റ് തന്നെ പ്രവർത്തിച്ചുവെന്നാണ് എൻഐഎക്ക് വ്യക്തമായത്. ഇതിൽ ഏറെ പേരെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. സന്ദീപിന്റെ വീട്ടിൽ ഇപ്പോഴും പരിശോധന തുടരുന്നുണ്ട്. പ്രതികൾ ഈ വർഷം മാത്രം അഞ്ച് പ്രാവശ്യം സ്വർണ്ണം കടത്തിയെന്നാണ് വിവരം. സന്ദീപിന്റെ വീട്ടിൽ ഇപ്പോഴും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. ഇയാളുടെ വീട്ടിൽ നിന്ന് സ്വർണ്ണം കടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് ഓവനുകളും മോട്ടോറും കസ്റ്റംസ് സംഘം കണ്ടെത്തി. ഉപേക്ഷിച്ച ഡിപ്ലോമാറ്റിക് ബാഗേജുകളും കണ്ടെത്തി. രണ്ട് പ്രതികളെയും നാളെ വൈകുന്നേരത്തോടെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും.

click me!