സെക്രട്ടേറിയറ്റിലെ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ തേടി എൻഐഎ, കുരുക്ക് മുറുകുന്നു

Published : Jul 23, 2020, 06:29 PM IST
സെക്രട്ടേറിയറ്റിലെ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ തേടി എൻഐഎ, കുരുക്ക് മുറുകുന്നു

Synopsis

പൊതുഭരണവകുപ്പിലെ ഹൗസ് കീപ്പിംഗ് വിഭാഗമാണ് ദൃശ്യങ്ങൾ കൈമാറേണ്ടത്. ആവശ്യപ്പെട്ട തീയതികളിലെ എല്ലാം ദൃശ്യങ്ങൾ നൽകണമെന്നാണ് നി‍ർദേശം. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുകയാണ്.

തിരുവനന്തപുരം: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിന് സമാന്തരമായി സെക്രട്ടേറിയറ്റിലെ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ തേടി എൻഐഎ. ഇക്കാര്യമാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എൻഐഎ കത്ത് നൽകി. ആവശ്യപ്പെടുമ്പോൾ ദൃശ്യങ്ങൾ നൽകണമെന്നാണ് നി‍ർദേശം. കഴിഞ്ഞ രണ്ട് മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് എൻഐഎ ആവശ്യപ്പെടുന്നത്. അന്വേഷണം സെക്രട്ടേറിയറ്റിലേക്കും നീളുന്നുവെന്നതിന്‍റെ വ്യക്തമായ സൂചനയാണിത്. 

പൊതുഭരണവകുപ്പിന് കീഴിലുള്ള ഹൗസ് കീപ്പിംഗ് വിഭാഗമാണ് ദൃശ്യങ്ങൾ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും. അതിനാൽത്തന്നെ ഈ വിഭാഗത്തിന്‍റെ ചുമതലയുള്ള അഡീഷണൽ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി കത്ത് കൈമാറിയിട്ടുണ്ട്. ആവശ്യപ്പെടുന്ന തീയതികളിലെ ദൃശ്യങ്ങൾ കൈമാറണമെന്നാണ് എൻഐഎയുടെ ആവശ്യം. ഇതനുസരിച്ച് എൻഐഎ ഹൗസ് കീപ്പിംഗിലെ ഉദ്യോഗസ്ഥനോട് സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചുവെന്നാണ് തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. ഹൗസ് കീപ്പിംഗ് ചുമതലയുള്ള അഡീഷണൽ സെക്രട്ടറി പി ഹണിയിൽ നിന്നാണ് വിവരങ്ങൾ തേടിയത്. എൻഐഎ ഡിവൈഎസ്പി അടക്കമുള്ള സംഘമെത്തിയാണ് വിവരങ്ങൾ തേടിയത്. വിവരശേഖരണം ഏതാണ്ട് രണ്ടര മണിക്കൂറോളം നീണ്ടുനിൽക്കുകയും ചെയ്തു. 

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും അടക്കമുള്ളവർക്ക് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായി അടുത്ത ബന്ധമാണുള്ളതെന്ന് തെളിഞ്ഞിട്ടുണ്ട്. മന്ത്രിമാരുടെ ഓഫീസുകളിലടക്കം സ്വപ്ന സുരേഷ് എത്തിയിട്ടുണ്ടെന്നും വ്യക്തമായതാണ്. ഇതെല്ലാം യുഎഇ കോൺസുലേറ്റിനെ പ്രതിനിധീകരിച്ചോ, പിന്നീട് സ്പേസ് പാർക്കുമായി ബന്ധപ്പെട്ട പ്രോജക്ടിന്‍റെ ആവശ്യങ്ങൾക്കായോ ആണെന്നാണ് ഇതുവരെയുള്ള സർക്കാരിന്‍റെ ഔദ്യോഗിക വിശദീകരണം. 

മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽത്തന്നെയാണ് ശിവശങ്കറിന്‍റെ ഓഫീസും. ഇവിടെയും പ്രതികൾ എത്തിയെന്ന് കരുതുന്ന മറ്റ് ഓഫീസുകളിലെയും സിസിടിവി ദൃശ്യങ്ങളാണ് എൻഐഎ തേടുന്നത്. 

അതേസമയം, മെയ് മുതലുള്ള ചില സിസിടിവി ദൃശ്യങ്ങൾ ഇടിമിന്നലിൽ നശിച്ചെന്ന് കസ്റ്റംസിനെ ഹൗസ് കീപ്പിംഗ് വിഭാഗം അറിയിച്ചുവെന്നാണ് സൂചന. ഇത് ശരിയാക്കുന്നതിനായി വേണ്ട നടപടികൾക്കായി പ്രത്യേക ഉത്തരവും ഇറങ്ങിയിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസിന് അകത്തുള്ള ചില ദൃശ്യങ്ങൾ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ എന്നാണ് പിന്നീട് വിശദീകരണവുമായി ചീഫ് സെക്രട്ടറി പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എൻഐഎ കത്ത് നൽകിയിരിക്കുന്നത്.

ക്യാമറയ്ക്ക് ഏതെങ്കിലും നാശനഷ്ടമുണ്ടായാലും ആ ദൃശ്യങ്ങൾ ഹാർഡ് ഡിസ്കിൽ ഉണ്ടാകും. അത് നശിപ്പിക്കപ്പെട്ടാലും അത് വീണ്ടെടുക്കാൻ ദേശീയ അന്വേഷണ ഏജൻസിക്കാവുകയും ചെയ്യും. അത്തരത്തിലുള്ള വിശദമായ പരിശോധന തന്നെയാകും ഉണ്ടാകുക. 

അതേസമയം, സ്വപ്ന സ്വർണക്കടത്തുൾപ്പടെയുള്ള കുറ്റകൃത്യങ്ങൾക്ക് സർക്കാരിന്‍റെ മേൽവിലാസം ഉപയോഗിച്ചോ എന്ന കാര്യത്തിൽ അടക്കം വിശദമായ പരിശോധനയ്ക്ക് ഇത്തരത്തിൽ ദൃശ്യങ്ങളിലൂടെ സൂചന ലഭിക്കുമെന്നാണ് എൻഐഎ കരുതുന്നത്. സ്വപ്നയുടെയും സരിത്തിന്‍റെയും സ്ഥിരം സാന്നിധ്യം സെക്രട്ടേറിയറ്റിലുണ്ടായിരുന്നു. അവർ ശിവശങ്കറുമായി സ്ഥിരം കൂടിക്കാഴ്ച നടത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും കൃത്യം തീയതികളിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. 

നേരത്തേ, കസ്റ്റംസ് വിശദമായി എം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. നിലവിൽ പേരൂർക്കട പൊലീസ് ക്ലബ്ബിൽ വൈകിട്ട് നാല് മണിയോടെയാണ് എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. ഇത് ഇപ്പോഴും തുടരുകയുമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാരഡി ഗാന വിവാദം; 'പാർട്ടി പാട്ടിന് എതിരല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല', പ്രതികരിച്ച് രാജു എബ്രഹാം
വാളയാറിലെ ആള്‍ക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട റാം നാരായണന്‍റെ ശരീരത്തിൽ 40ലധികം മുറിവുകള്‍, പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്