സ്വർണക്കടത്ത് കേസ്: പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ ഒരുങ്ങി എൻഐഎ

By Web TeamFirst Published Jul 16, 2020, 8:01 AM IST
Highlights

കഴിഞ്ഞ ദിവസം റിമാൻഡിലായ മലപ്പുറം സ്വദേശി റമീസിനെ കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസിന്‍റെ അപേക്ഷ കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി സരിത്തിന്‍റെ ജാമ്യാപേക്ഷയും കോടതിയിലുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്തുകേസിൽ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത് എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ എൻഐഎ ഒരുങ്ങുന്നു. കളളക്കടത്തിന്‍റെ ഗൂഢാലോചനയിലടക്കം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന് പങ്കുണ്ടോയെന്ന് ദേശീയ അന്വേഷണ ഏജൻസിയും പരിശോധിക്കും. സരിത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ അടുത്തദിവസം തന്നെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടിയും തുടങ്ങി.

അതേസമയം, കഴിഞ്ഞ ദിവസം റിമാൻഡിലായ മലപ്പുറം സ്വദേശി റമീസിനെ കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസിന്‍റെ അപേക്ഷ കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി സരിത്തിന്‍റെ ജാമ്യാപേക്ഷയും കോടതിയിലുണ്ട്. അതിനിടെ, സ്വര്‍ണക്കടത്തില്‍ എന്‍ഐഎ പ്രതിചേര്‍ക്കാത്തവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്‍റ്  കേസെടുത്തു. നാല് പേര്‍ക്കെതിരെയാണ് എന്‍ഫോഴ്സ്മെന്‍റ് കേസെടുത്തത്. സരിത്, സ്വപ്ന, ഫമീസ്, സന്ദീപ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കള്ളക്കടത്ത് സ്വര്‍ണം ഉപയോഗിച്ച് സ്വത്ത് സമ്പാദനം നടത്തിയോ എന്നും അന്വേഷിക്കും.

അതിനിടെ, സ്വര്‍ണക്കടത്ത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. വിമാനത്താവള സ്വർണക്കളളക്കടത്തിനായി എട്ട് കോടി രൂപയാണ് ഇടപാടിനായി സമാഹരിച്ചത്. പ്രതികളായ റമീസും ജലാലും സന്ദീപും അംജത് അലിയും ചേർന്നാണ് പണം സമാഹരിച്ചത്. ഈ തുകയ്ക്കാണ് സ്വർണം ദുബായിൽ നിന്ന് എത്തിച്ചത്. മൂവാറ്റുപുഴ സ്വദ്ദേശി ജലാലാണ് ജ്വല്ലറികൾക്ക് വിൽക്കാൻ കരാറുണ്ടാക്കിയത്. ഏഴ് ലക്ഷം രൂപയാണ് സരിത്തിനും സ്വപ്നക്കും കമ്മീഷനായി നിശ്ചയിച്ചിരുന്നത്

click me!