ഒരു കിലോ സ്വര്‍ണം കടത്തിയാല്‍ പ്രതിഫലം ഒന്നര ലക്ഷം; എൻഐഎക്ക് ഡിജിപി കൈമാറിയത് നിര്‍ണായക വിവരം

By Web TeamFirst Published Jul 17, 2020, 10:24 AM IST
Highlights

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന്‍റെ കൈവശം ഉള്ള വിവരങ്ങളാണ് ‍‍ഡിജിപി ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയത് 

തിരുവനന്തപുരം: ഒരു കിലോ സ്വര്‍ണം കടത്തിയാൽ കടത്തിക്കൊണ്ട് വരുന്നവര്‍ക്കുള്ള പ്രതിഫലം ഒന്നര ലക്ഷം രൂപയാണെന്ന് സംസ്ഥാന പൊലീസ് റിപ്പോര്‍ട്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന്‍റെ കൈവശം ഉള്ള വിവരങ്ങൾ ‍‍ഡിജിപി ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയത് . കേസുമായി  ബന്ധപ്പെട്ട് എല്ലാ സഹായവും ദേശീയ അന്വേഷണ ഏജൻസിക്ക് ഉണ്ടാകുമെന്ന് കേരളാ പൊലീസ് വ്യക്തമാക്കി. 

കഴിഞ്ഞ നാല് വര്‍ഷമായി പൊലീസും എക്സൈസും പിടികൂടിയ സ്വര്‍ണം, കാരിയര്‍മാരുടെ റിക്രൂട്ട്മെന്റ് തീവ്ര നിലപാടുള്ള കക്ഷികളുടെ പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാന പൊലീസ് ശേഖരിച്ച വിവരങ്ങളെല്ലാം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയ റിപ്പോർട്ടിൽ ഉണ്ട്. ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയത് 2018 ലാണ്. ഒരു കിലോ സ്വർണം കടത്തുമ്പോൾ സ്വര്‍ണവുമായി എത്തുന്ന ആൾക്ക് ഒന്നര ലക്ഷം രൂപ പ്രതിഫലം ലഭിക്കുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. ഹവാല / സ്വർണ കളളകടത്ത് ഇടപാടുകളിൽ പങ്കുള്ള  ദുബായിൽ ഹോട്ടൽ നടത്തുന്ന ആളെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് റിപ്പോർട്ടിലുണ്ട്. 

അതിനിടെ സ്വ‍ർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം ക്രൈംബ്രാഞ്ചുമായി ചർച്ച നടത്തി. തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.  ഇന്നലെ ഉച്ചയോടെ എറണാകുളത്തെ എൻഐ യൂണിറ്റ് എസ്പി രാഹുൽ, കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അനിൽകുമാർ നെ ഫോണിൽ വിളിച്ചു വിവരങ്ങൾ ആരാഞ്ഞു.  

ഇന്നലെ വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ജവഹർ നഗറിലുള്ള ക്രൈം ബ്രാഞ്ച് ഓഫീസിൽ എൻഐഎ ഡിവൈഎസ്പി വിജയകുമാറും സംഘവുമെത്തി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ഒന്നര മണിക്കൂറോളം ചർച്ച നടത്തി വിവരങ്ങൾ ശേഖരിച്ചു. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലേക്ക് പ്രസക്തമായ വിവരങ്ങൾ ദേശീയ അന്വേഷണ ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിന് നൽകി.
 തുടരന്വേഷണത്തിനു  ഇരു കൂട്ടർക്കും ആവശ്യമായ വിവരങ്ങൾ കൈമാറുമെന്ന് ധാരണയായി

click me!