സ്വർണക്കടത്ത് ക്വട്ടേഷൻ കേസ്: ആയങ്കിയുടെ ഭാര്യ ഇന്ന് ഹാജരാകണം; സൂഫീയാനെ കസ്റ്റഡിയിൽ കിട്ടാനും കസ്റ്റംസ് നീക്കം

By Web TeamFirst Published Jul 12, 2021, 12:08 AM IST
Highlights

സിം കാർഡുകൾ എടുത്തു നൽകിയ പാനൂർ സ്വദേശിനി സക്കീനയെയും മൊഴിയെടുക്കാനായി കസ്റ്റംസ് ഇന്ന് കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നിർണായകഘട്ടത്തിലേക്ക് കടക്കുമ്പോൾ അർജുൻ ആയങ്കിയുടെ ഭാര്യയുടെ മൊഴി കസ്റ്റംസ് ഇന്ന് വീണ്ടുമെടുക്കും. ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴിയിൽ വൈരുധ്യങ്ങളുള്ളത് കൊണ്ടാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. കസ്റ്റംസിന് ലഭിച്ച ഡിജിറ്റൽ തെളിവുകളിൽ വ്യക്തതയുണ്ടാക്കുകയെന്ന ലക്ഷ്യവും അമലയെ വിളിച്ചുവരുത്തിയതിന് പിന്നിലുണ്ട്.

സിം കാർഡുകൾ എടുത്തു നൽകിയ പാനൂർ സ്വദേശിനി സക്കീനയെയും മൊഴിയെടുക്കാനായി കസ്റ്റംസ് ഇന്ന് കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അർജ്ജുൻ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് സക്കീനയുടെ പേരിലെടുത്ത നാല് സിം കാർഡുകളാണെന്ന് തെളിഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സക്കീനയ്ക്ക് നോട്ടീസ് അയച്ചത്.  ടിപി കേസിലെ പ്രധാന പ്രതി ഷാഫിയെ നാളെയാകും ചോദ്യം ചെയ്യുക. പൊലീസ് കസ്റ്റഡിയിലുള്ള കൊടുവള്ളി സംഘത്തിലെ സൂഫീയാൻ അടക്കമുള്ള പ്രതികളെ  കസ്റ്റഡിയിൽ വിട്ട് കിട്ടാൻ കസ്റ്റംസ് ഇന്ന് മഞ്ചേരി കോടതിയിൽ അപേക്ഷയും നൽകും.

അതേസമയം സ്വർണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൂഫിയാൻ ഉൾപ്പടെ മുഴുവൻ പേരെയും ചോദ്യം ചെയ്യാനൊരുങ്ങിയിരിക്കുകയാണ് കസ്റ്റംസ്. ഇവർക്കെതിരെ തെളിവുണ്ടെന്നും കസ്റ്റഡി അപേക്ഷയുമായി കോടതിയെ സമീപിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട മുഴുവൻ ഗൂഡാലോചനയും പുറത്തുകൊണ്ടുവരാനാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയ പ്രതികളെ കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്.

കൊടുവള്ളി സംഘത്തിലെ മുഖ്യസൂത്രധാരൻ സൂഫിയാനും ഇയാളുടെ സഹോദരൻ ഫിജാസും ഉൾപ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്യുക. നിലവിൽ അർജ്ജുൻ ആയങ്കിയെ ചോദ്യം ചെയ്തെങ്കിലും ഇയാളുടെ മൊബൈൽ ഫോൺ വീണ്ടെടുക്കാനാകാത്തത് തിരിച്ചടിയായിട്ടുണ്ട്. ടിപി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ഷാഫിയും കൊടി സുനിയുമാണ് അർജ്ജുൻ ആയങ്കിയുടെ സംഘത്തെ നിയന്ത്രിച്ചത് എന്നാണ് കസ്റ്റംസിന്‍റെ അനുമാനം. മുഹമ്മദ് ഷാഫിയോട് നാളെ കൊച്ചിയിൽ എത്താൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഷാഫിയിൽ നിന്നും വിശദമായ മൊഴി എടുത്ത ശേഷമായിരിക്കും തുടർ നീക്കം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍

click me!