ഗുഡ്‍വിൻ തട്ടിപ്പ് കേസിലെ പ്രതികളുമായി സിപിഎം ഉന്നത നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ബെന്നി ബെഹനാന്‍

By Web TeamFirst Published Aug 2, 2020, 8:36 PM IST
Highlights

സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ഏജന്‍സികള്‍ ഈ ദിശയിലും അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബെന്നി ബെഹ്നാന്‍ എംപി പറഞ്ഞു.

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ കോടികളുടെ തട്ടിപ്പ് നടത്തി ജയിലിലായ ഗുഡ്വിന്‍ ജ്വല്ലറി ഉടമകളുമായി കേരളത്തിലെ ഉന്നത സിപിഎം നേതാക്കള്‍ക്കുള്ള ബന്ധത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ എം.പി ആവശ്യപ്പെട്ടു. നൂറു കണക്കിന് മലയാളികള്‍ വഞ്ചിക്കപ്പെട്ട കേസിലെ പ്രതികളുമായി ഉന്നത സിപിഎം നേതാക്കള്‍ക്കുള്ള ബന്ധത്തെ കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിടയക്കം അഞ്ച് ഉന്നതരുമായാണ് ഗുഡ്വിന്‍ ജ്വല്ലറി തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് അടുത്ത ബന്ധമുള്ളത്. നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്രയില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമായി അവര്‍ നിക്ഷേപം ആകര്‍ഷിച്ചത്. ജയിലില്‍ കഴിയുന്ന പ്രതികളുടെ ആസ്തി മുഴുവന്‍ കേരളത്തിലാണ്. ഇക്കാര്യങ്ങളടക്കം ചൂണ്ടിക്കാട്ടി മുംബൈയിലെ തട്ടിപ്പിനിരയായ മലയാളികള്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ ഒന്നിലേറെ തവണ പരാതി നല്‍കിയിട്ടും ഇവര്‍ക്കെതിരെ കേരളത്തില്‍ ഒരു കേസും എടുത്തിട്ടില്ല. ഇത് ദുരൂഹ വര്‍ധിപ്പിക്കുന്നുവെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. 


സിപിഎം മന്ത്രി തന്റെ വകുപ്പിന് കീഴിലുള്ള ഒരു സ്ഥാപനത്തിലെ കോടികളുടെ കരാറും ഇവരുടെ ഉടമസ്ഥതയിലുള്ള ഗുഡ്വിന്‍ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്ന കമ്പനിക്ക് നല്‍കി. കമ്പനിയുടെ ഉദ്ഘാടനം നിര്‍വഹിച്ചതാകട്ടെ സിപിഎം മന്ത്രിയും എംപിയും ചേര്‍ന്ന്. സിപിഎം നേതൃത്വവും ഗുഡ്വിന്‍ ഉടമകളും തമ്മിലുള്ള അവിശുദ്ധ ബന്ധം എത്രത്തോളം ശക്തമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണിത്. ഭരണത്തിന്റെ മറവില്‍ എന്തൊക്കെ വഴിവിട്ട സഹായങ്ങളാണ് ഗുഡ്വിന്‍ സഹോദരങ്ങള്‍ക്ക്  സിപിഎം ചെയ്തുകൊടുത്തതെന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും യുഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു. 


ഗുഡ്വിന്‍ സഹോദരങ്ങള്‍ക്കെതിരെ കേരളത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണം. അവരുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടി മലയാളികള്‍ അടക്കമുള്ള നിക്ഷേപകരുടെ  നിക്ഷേപങ്ങള്‍ തിരികെ ലഭ്യമാക്കുന്ന സാഹചര്യം ഉണ്ടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്‍കൈയ്യെടുക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സ്വര്‍ണ്ണ കടത്ത് കേസിലെ മുഖ്യ കണ്ണിയെന്ന് എന്‍ഐഎയും കസ്റ്റംസും കണ്ടെത്തിയ റമീസ് ചോദ്യം ചെയ്യലില്‍ നല്‍കിയതായി പറയപ്പെടുന്ന മൊഴി ഇതിനകം മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്.  വര്‍ഷങ്ങളായി കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകള്‍ വഴി കടത്തിയ സ്വര്‍ണ്ണത്തിലധികവും കൊണ്ടുപോയത് മഹാരാഷ്ട്രയിലേക്കാണെന്നും അവിടെ സാംഗ്ലി എന്ന സ്ഥലത്തു നിന്നും ആഭരണങ്ങളാക്കി വിറ്റഴിച്ചുവെന്നുമാണ് ഈ മൊഴിയില്‍ പറയുന്നത്. ഗുഡ്വിന്‍ ജ്വല്ലറിയുടെ ശാഖ ഉണ്ടായിരുന്ന പ്രദേശമാണ് പറയപ്പെടുന്ന സാംഗ്ലി. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ഏജന്‍സികള്‍ ഈ ദിശയിലും അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബെന്നി ബെഹ്നാന്‍ എംപി പറഞ്ഞു.
 

click me!