മുത്തങ്ങ പൊലീസ് നടപടി; മര്‍ദ്ദനമേറ്റ അധ്യാപകന് നഷ്ടപരിഹാരം തടയാന്‍ നീക്കം, സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

By Web TeamFirst Published Sep 4, 2021, 7:31 AM IST
Highlights

ക്രൂര മര്‍ദ്ദനത്തിന് പുറമെ 30 ദിവസത്തെ ജയില്‍ വാസവും അനുഭവിക്കേണ്ടി വന്ന സുരേന്ദ്രന്‍റെ പേര് പക്ഷേ പൊലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയില്ല. 

കോഴിക്കോട്: പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ പരാതികള്‍ വ്യാപകമാകുമ്പോഴും അതിക്രമം കാട്ടുന്ന പൊലീസുകാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. മുത്തങ്ങയില്‍ പൊലീസ് നടപടിക്കിരയായ അധ്യാപകന്‍ കെ കെ സുരേന്ദ്രന് നഷ്ടപരിഹാരം നല്‍കാനുളള ബത്തേരി സബ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. അതിക്രം കാട്ടിയ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാമെന്നായിരുന്നു കോടതി വിധി.

മുത്തങ്ങ പൊലീസ് നടപടിയില്‍ നിരാലംബരായ ആദിവാസികള്‍ മാത്രമല്ല അവര്‍ക്ക് ധാര്‍മിക പിന്തുണ നല്‍കിയവരും അന്നത്തെ പൊലീസ് രാജിനിരകളായിരുന്നു. പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയായി കേള്‍വിശക്തി തകരാറിലായ ബത്തേരി ഡയറ്റിലെ മുന്‍ അധ്യാപകന്‍ കെ കെ സുരേന്ദ്രന്‍ അവരില്‍ ഒരാളാണ്. ക്രൂര മര്‍ദ്ദനത്തിന് പുറമെ 30 ദിവസത്തെ ജയില്‍ വാസവും അനുഭവിക്കേണ്ടി വന്ന സുരേന്ദ്രന്‍റെ പേര് പക്ഷേ പൊലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയില്ല. 

താന്‍ നേരിട്ട മാനഹാനിക്കും ശാരീരിക പീഡകള്‍ക്കും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സുരേന്ദ്രന്‍ ബത്തേരി സബ് കോടതിയെ സമീപിച്ചു. 17 വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ അനുകൂല വിധി വന്നു. സുരേന്ദ്രന് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഈ തുക കുറ്റക്കാരായ അന്നത്തെ ബത്തേരി സബ് ഇന്‍സ്പെക്ടറില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടറില്‍ നിന്നും ഈടാക്കാം. പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ താക്കീതായി കൂടി ഈ വിധി ചര്‍ച്ച ചെയ്യപ്പെട്ടു. ഈ വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

യുഡിഎഫ് ഭരണകാലത്ത് നടന്ന മുത്തങ്ങ പൊലീസ് നടപടി അന്ന് സര്‍ക്കാരിനെതിരായ സിപിഎമ്മിന്‍റെ പ്രധാന പ്രാചരണ വിഷയമായിരുന്നു. മാത്രമല്ല ഈ കേസില്‍ ബത്തേരി സബ് കോടതി കുറ്റക്കാരായി കണ്ടെത്തിയ അന്നത്തെ ബത്തേരി എസ്ഐ പി വിശ്വഭരനും സിഐ ദേവരാജനും കോടതി വിധിക്കെതിരെ അപ്പീല്‍ പോയിട്ടുമില്ല. എന്നിട്ടും ഈ കേസില്‍ അപ്പീല്‍ നല്‍കാനുളള സര്‍ക്കാര്‍ തീരുമാനം നിയമം കൈയിലെടുക്കുന്ന പൊലീസുകാര്‍ക്കുളള സംരക്ഷണമായി മാറുന്നുവെന്നാണ് വിമര്‍ശനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!