പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സർക്കാർ ഡോക്ടർമാർ; നവംബർ 1 മുതൽ അനിശ്ചിതകാല നിൽപ്പ് സമരം

By Web TeamFirst Published Oct 3, 2021, 7:24 PM IST
Highlights

നവംബർ ഒന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിൽപ്പ് സമരം നടത്താനാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ തീരുമാനം.

തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചുള്ള സമരം ശക്തമാക്കാൻ തീരുമാനിച്ച് സർക്കാർ ഡോക്ടർമാർ (government doctors). നവംബർ ഒന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിൽപ്പ് സമരം നടത്താനാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ (kgmoa) തീരുമാനം. നവംബർ 16ന് കൂട്ട അവധിയെടുത്ത് ജോലിയില്‍ നിന്ന് വിട്ടുനിൽക്കാനും തീരുമാനമായി. അതേസമയം, നേരത്തെ പ്രഖ്യാപിച്ച അനിശ്ചിതകാല നിസ്സഹകരണ സമരം നാളെ മുതൽ തുടങ്ങും.  

ഓൺലൈൻ ചികിത്സാ പ്ലാറ്റ്ഫോമായ ഇ സഞ്ജീവനി, ഓൺലൈൻ പരിശീലന പരിപാടികൾ, യോഗങ്ങൾ എന്നിവ ബഹിഷ്കരിച്ചാണ് നിസ്സഹകരണ സമരത്തിന്‍റെ തുടക്കം. ഒക്ടോബർ 15 മുതൽ വി.ഐ.പി ഡ്യൂട്ടികൾ ബഹിഷ്കരിക്കുന്നതടക്കം നിസഹകരണ സമരം പൂർണതോതിൽ വ്യാപിപ്പിക്കും. എൻട്രി കേഡറിലെ ശമ്പളം വെട്ടിക്കുറച്ചത്, റേഷ്യോ പ്രമോഷൻ നിർത്തലാക്കിയത്, പേഴ്സനൽ പേ നിർത്തലാക്കിയത്, റിസ്ക് അലവൻസ് അനുവദിക്കാത്തത് എന്നിവയിലാണ് ഡോക്ടർമാരുടെ പ്രതിഷേധം.

എൻട്രി കേഡറിൽ സർവ്വീസിൽ പ്രവേശിക്കുന്ന ഡോക്ടർക്ക് മുൻപത്തേക്കാൾ 9000 രൂപ കുറച്ചാണ് ലഭിക്കുന്നത്. സർവ്വീസിലുള്ളവർക്ക് റേഷ്യോ പ്രമോഷൻ നടപ്പാക്കിയിട്ടില്ല. കിട്ടിയിരുന്ന പേഴ്സനൽ പേ നിർത്തലാക്കി. റിസ്ക് അലവൻസെന്ന തുടക്കം മുതലുള്ള ആവശ്യത്തിലും തീരുമാനമോ ചർച്ചകളോ ഇല്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കൊവിഡ് പ്രതിരോധ നിരയിൽ തങ്ങൾ നേരിടുന്നത് അവഗണനയാണെന്നാണ് പൊതുവികാരം.

click me!