ഓർത്തഡോക്സ്, യാക്കോബായ സമാവായ ചർച്ച; സർക്കാർ നീക്കം പൊളി‍ഞ്ഞു

By Web TeamFirst Published Mar 15, 2019, 11:13 PM IST
Highlights

 ഇപ്പോൾ ചർച്ചയ്ക്ക് ക്ഷണിച്ചത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നതും നേതൃത്വം കരുതുന്നു. അതാണ് ചർച്ച ബഹിഷ്കരിക്കാൻ കാരണം. 

കൊച്ചി: ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സമാവായ ചർച്ചയ്ക്കുള്ള സർക്കാർ നീക്കം പൊളി‍ഞ്ഞു. കോടതി വിധി നടപ്പാക്കുകയാണ് സർക്കാർ ചെയ്യേണ്ടെന്ന് വ്യക്തമാക്കി ഓർത്തഡോക്സ് സഭ ചര്‍ച്ചയില്‍ നിന്ന് പിൻമാറുകയായിരുന്നു. 

തർക്കത്തിലുള്ള പള്ളികളുടെ അവകാശം ഓർത്തോക്സ് സഭയ്ക്ക് കൈമാറണമെന്ന സുപ്രീംകോടതി വിധിക്ക് ശേഷം പലയിടുത്തും ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘ‍ർഷം നടക്കുകയാണ്. ഈ സാഹചര്യത്തിലാണ്  മന്ത്രി ഇ പി ജയരാജൻ അദ്ധ്യക്ഷനായി സർക്കാർ  മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത്. 

മന്ത്രിസഭാ ഉപസമിതി അടുത്ത ചൊവ്വാഴ്ച തിരുവനന്തപുരത്ത് വച്ച് ചർച്ച നടത്താനാണ്  ഇരുവിഭാഗങ്ങളേയും ക്ഷണിച്ചത്. ഓർത്തോഡോക്സ്, യാക്കോബായ വിഭാഗങ്ങളുമായി ആദ്യം  മന്ത്രിസഭാ ഉപസമതി പ്രത്യേകം ചർച്ചയും പിന്നീട് ഇരുകൂട്ടരും ഉൾപ്പെട്ട ചർച്ചയുമാണ് ഉദ്ദേശിക്കുന്നത്. യാക്കോബായ വിഭാഗം ക്ഷണം സ്വകരിച്ചു. എന്നാൽ ഓർത്തഡോക്സ് സഭ ക്ഷണം തള്ളുകയായിരുന്നു.

കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് താൽപര്യമില്ലെന്നാണ് ഓർത്തഡോക്സ് സഭ കരുതുന്നത്. ഇപ്പോൾ ചർച്ചയ്ക്ക് ക്ഷണിച്ചത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നതും നേതൃത്വം കരുതുന്നു. അതാണ് ചർച്ച ബഹിഷ്കരിക്കാൻ കാരണം. എന്നാല്‍ സമവായ ശ്രമങ്ങൾ തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. 


 

click me!