
തിരുവനന്തപുരം : തൃശൂർ പൂരം കലക്കലിൽ എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളി പുതിയ അന്വേഷണത്തിന് ശുപാർശ. അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിനും പൂരം കലക്കലിൽ മറ്റൊരു അന്വേഷണത്തിനുമാണ് ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ. ഡിജിപിയുടെ കത്തിലെ കണ്ടെത്തൽ പരിഗണിച്ചാണ് എഡിജിപിക്കെതിരായ അന്വേഷണ ശുപാർശ. എന്നാൽ അജിത് കുമാറിനെ മാറ്റിനിർത്താൻ ശുപാർശയില്ല.
സിപിഐയുടെ രാഷ്ട്രീയസമ്മർദ്ദവും എഡിജിപിക്കെതിരായ ഡിജിപിയുടെ കത്തും കണക്കിലെടുത്താണ് പൂരം കലക്കലിലെ പുതിയ അന്വേഷണത്തിന് വഴിതുറക്കുന്നത്. ആരോപണവിധേയനായ അജിത് കുമാർ സ്വയം വെള്ളപൂശി നൽകിയ റിപ്പോർട്ട് ഡിജിപി തള്ളിയിരുന്നു. സ്ഥലത്തുണ്ടായിട്ടും പൂരം തടസപ്പെട്ടപ്പോൾ അജിത് കുമാർ ഇടപെടാത്തതിൽ കടുത്ത വിമർശനമാണ് ഡിജിപി ഉന്നയിച്ചത്. റിപ്പോർട്ട് അഞ്ച് മാസം വൈകിയതിലുമുണ്ടായിരുന്നു കുറ്റപ്പെടുത്തൽ. എഡിജിപിയുടെ റിപ്പോർട്ടിന്മേൽ കുറ്റപത്രമായി ഡിജിപി കവറിംഗ് ലെറ്റർ എഴുതിയതോടെയാണ് പുതിയ അന്വേഷണമില്ലാതെ പറ്റില്ലെന്ന നിലയിലേക്ക് സർക്കാർ എത്തിയത്. എഡിജിപിക്കെതിരെ ഡിജിപി തല അന്വേഷണത്തിനാണ് ആഭ്യന്തര സെക്രട്ടരി ബിശ്വനാഥ് സിൻഹയുടെ ശുപാർശ. പൂരം അട്ടിമറയിലെ ഗൂഡാലോചന പുറത്ത് കൊണ്ട് വരാനാണ് മറ്റൊരു അന്വേഷണത്തിനുള്ള ശുപാർശ.
രണ്ട് തലത്തിലുള്ള അന്വേഷണ ശുപാർശയിൽ ഇനി മുഖ്യമന്ത്രി എടുക്കുന്ന തീരുമാനമാണ് പ്രധാനം. രണ്ട് തലത്തിലുള്ള അന്വേഷണം പ്രഖ്യാപിക്കുമോ അതോ ജൂഡിഷ്യൽ അന്വേഷണത്തിലേക്ക് പോകുമോ എന്നാണ് അറിയേണ്ടത്.
നിലവിൽ അജിത് കുമാറിനെതിരെ പലതരത്തിലുള്ള അന്വേഷണങ്ങളാണുള്ളത് . ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും അൻവറിൻറെ പരാതിയിലും ഡിജിപി തല അന്വേഷണം. അനധികൃതസ്വത്ത് സമ്പാദനത്തിൽ വിജിലൻസ് അന്വേഷണം, പൂരം കലക്കലിൽ ഇനി പ്രഖ്യാപിക്കാനിരിക്കുന്ന അന്വേഷണം. അന്വേഷണപരമ്പര നടക്കുമ്പോഴും അജിത് കുമാർ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി തുടരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam