വലത് കൈ മുറിച്ച് മാറ്റിയ പാലക്കാട്ടെ 9 വയസുകാരിക്ക് സർക്കാർ സഹായം, പരിരക്ഷ ഉറപ്പാക്കാന്‍ ഉത്തരവ്, കൃത്രിമ കൈ വയ്ക്കാനും സഹായം

Published : Jan 05, 2026, 01:58 PM IST
Veena George

Synopsis

മിഷന്‍ വാത്സല്യ മാര്‍ഗരേഖ പ്രകാരമുള്ള സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അടിയന്തിരമായി ധനസഹായം നല്‍കി ഉത്തരവായത്. കൃത്രിമ കൈ വയ്ക്കാന്‍ ബാല നിധിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കും.

പാലക്കാട്: ചികിത്സ പിഴവിനെ തുടർന്ന് പല്ലശ്ശന സ്വദേശിനിയായ ഒൻപത് വയസ്സുകാരിയുടെ വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന പെണ്‍കുട്ടിക്ക് വനിത ശിശുവികസന വകുപ്പിന്റെ സ്‌പോൺസർഷിപ്പ് പദ്ധതി പ്രകാരം പരിരക്ഷ. ഇത് സംബന്ധിച്ച് ഉത്തരവിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈ ആണ് മുറിച്ചുമാറ്റിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്. കുട്ടിക്ക് നിലവില്‍ കൃത്രിമ കൈ വയ്‌ക്കേണ്ടതുണ്ടെന്നും അതിന് ഭീമമായ തുക ആവശ്യമുണ്ടെന്നും കണ്ടെത്തിയിരുന്നു. കൂടാതെ കുട്ടിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതായും കണ്ടെത്തിയിരുന്നു.

കുട്ടിയ്ക്ക് അടിയന്തിരമായി ധനസഹായം നല്‍കേണ്ടതിന്റെ ആവശ്യകത പരിഗണിച്ചാണ് മിഷന്‍ വാത്സല്യ മാര്‍ഗരേഖ പ്രകാരമുള്ള സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കി ഉത്തരവായത്. കൃത്രിമ കൈ വയ്ക്കാന്‍ ബാല നിധിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കും. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയും കുട്ടിക്ക് ആവശ്യമായ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇത് കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 2 ലക്ഷം രൂപ അനുവദിച്ചിരുന്നു. കെ. ബാബു എംഎല്‍എയും ഇതുസംബന്ധിച്ച് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതേസമയം കൈ നഷ്ടപ്പെട്ട കുട്ടിക്കും കുടുംബത്തിനും ഷെൽട്ടർ ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റ് വീടുവച്ച് നൽകും. സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായാൽ ഉടൻ നിർമ്മാണ പ്രവൃത്തികൾ തുടങ്ങുമെന്ന് ഷെൽട്ടർ ഇന്ത്യ ഭാരവാഹികൾ അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് നേരത്തെ കുട്ടിയുടെ തുടർ ചികിത്സ പ്രതിപക്ഷ നേതാവ് ഏറ്റെടുത്തിരുന്നു.

പരിക്കേറ്റത് കളിക്കുന്നതിനിടെ വീണ് 

സെപ്റ്റംബര്‍ 24ന് കളിക്കുന്നതിനിടെ വീണപ്പോഴാണ് കുട്ടിക്ക് കൈയ്ക്ക് പരിക്കേറ്റത്. അന്ന് തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൈയിൽ പ്ലാസ്റ്റർ ഇടുകയും ചെയ്തു. പ്ലാസ്റ്റർ ഇട്ട ശേഷവും കുട്ടിക്ക് വേദന ഉണ്ടെന്ന് അറിയിച്ചപ്പോൾ അഞ്ച് ദിവസം കഴിഞ്ഞ് വരാൻ ഡോക്ടർമാർ പറഞ്ഞു. പ്ലാസ്റ്റർ മാറ്റിയപ്പോൾ കുട്ടിയുടെ കൈയിൽ രക്തയോട്ടം നിലച്ചിരുന്നെന്നും കൈ അഴുകിയ നിലയിലായിരുന്നെന്നും അമ്മ പ്രസീത ആരോപിച്ചിരുന്നു. പിന്നീട് തുടർ ചികിത്സക്കായി മറ്റൊരു ആശുപത്രിയെ സമീപിക്കാൻ ഡോക്ടർമാർ പറയുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ സ്വകാര്യ ആശുപത്രിയിൽ പോകാനുള്ള ശേഷി ഇല്ലായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടിയെ എത്തിക്കുകയും കൈ മുറിച്ച് മാറ്റുകയും ചെയ്യേണ്ടി വന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെഗാ പഞ്ചായത്ത്, പ്രക്ഷോഭ പരിപാടികൾ; നിയമസഭാ തെരഞ്ഞെടുപ്പിന് കച്ചമുറുക്കി കോൺഗ്രസ്; കനഗുലുവിൻ്റെ സേവനം പ്രയോജനപ്പെടുത്തുമെന്ന് കെസി വേണുഗോപാൽ
വിഡി സതീശനെതിരായ സിബിഐ അന്വേഷണ ശുപാർശ; വിജ്ഞാപനത്തിൽ തീരുമാനം ഈ മാസം അവസാനത്തോടെയെന്ന് സർക്കാർ വൃത്തങ്ങള്‍