
തൃശ്ശൂര്‍: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ സർക്കാരിന്‍റെ പുതിയ പാക്കേജ് പ്രകാരം നിക്ഷേപകർക്ക് പണം നൽകുന്നത് ഇന്ന് തുടങ്ങും. അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങളാണ് പിൻ വലിക്കാനാവുക. അരലക്ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾ നവംബർ 11 മുതൽ പിൻവലിക്കാം. സേവിങ്ങ്സ് അക്കൗണ്ടുകളിൽ നിന്ന് നവംബര്‍ 20 ന് ശേഷം 50000 രൂപ വരെ പിന്‍വലിക്കാനാണ് അനുമതി. 21,190 സേവിങ്സ് നിക്ഷേപകര്‍ക്ക് പൂര്‍ണമായും 2448 പേര്‍ക്ക് ഭാഗികമായും പണം തിരികെ നൽകുമെന്നാണ് ബാങ്ക് വാഗ്ദാനം.
അൻപത് കോടിയുടെ പാക്കേജ് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ നിലവിൽ 17.4 കോടി രൂപയാണ് ബാങ്കിന്‍റെ കൈവശമുള്ളത്. ഇത് വച്ച് നിക്ഷേപകർക്ക് പണം നൽകും. ബാക്കി തുക വരും ദിവസങ്ങളിൽ എത്തുമെന്നാണ് ബാങ്ക് അറിയിക്കുന്നത്. പണം വാങ്ങുന്നവർക്ക് തുക താത്പര്യമുണ്ടെങ്കിൽ ബാങ്കിൽ തന്നെ പുതുക്കി നിക്ഷേപിക്കാനും അവസരമൊരുക്കും. ഡിസംബർ ഒന്നു മുതൽ ഒരു ലക്ഷം രൂപയ്ക്കുമേൽ നിക്ഷേപമുള്ള കാലാവധി പൂർത്തീകരിച്ച നിക്ഷേപങ്ങൾക്ക് തുകയുടെ നിശ്ചിത ശതമാനവും പലിശയും കൈപ്പറ്റി നിക്ഷേപം പുതുക്കാനും അനുമതിയുണ്ട്.
ഈ പാക്കേജ് പ്രകാരം 21190 പേർക്ക് പൂർണമായും തുക പിൻവലിക്കാനും 2448 പേർക്ക് ഭാഗികമായി തുക പിൻവലിക്കാനും അവസരമുണ്ടാകും. കുടിശ്ശിക വായ്പകൾ തിരിച്ചുപിടിച്ച് പണം കണ്ടെത്തുമെന്നും സഹകരണ സംഘങ്ങളുടെ കൺസോർഷ്യം, സഹകരണ വികസന ക്ഷേമനിധി ബോർഡ് തുടങ്ങിയവയിലൂടെ പണം സമാഹരിക്കുമെന്നും ബാങ്ക് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam