ഒരുതുണ്ട് ഭൂമിക്കായി കാത്തിരിപ്പ്;ഏറ്റെടുത്ത 1622 ഏക്കർ ഇതുവരെ കൈമാറിയില്ല,8214ഏക്കർ ഏറ്റെടുക്കാനും നടപടിയില്ല

By Web TeamFirst Published Sep 27, 2021, 9:05 AM IST
Highlights

രണ്ട് ലക്ഷത്തിലേറെ മനുഷ്യര്‍ ഇന്നും ഒരു തുണ്ട് ഭൂമിക്ക് വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങുമ്പോഴാണ് ഇത്രയേറെ ഭൂമിയുടെ കണക്ക് പുറത്തുവരുന്നത്. മിച്ചഭൂമി ഭൂരഹിതര്‍ക്ക് എത്രയും പെട്ടെന്ന് വിതരണം ചെയ്യാനുള്ള ഇച്ഛാശക്തി ഈ സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ ഏറ്റെടുത്തതില്‍ 1622 ഏക്കര്‍ ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തില്ലെന്ന് റവന്യൂ വകുപ്പിന്‍റെ കണക്ക്. 8214 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുണ്ടെന്നും റവന്യൂ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ലക്ഷത്തിലേറെ ഭൂരഹിതര്‍ കേരളത്തില്‍ ജീവിക്കുമ്പോഴാണ് ഈ അനാസ്ഥ. ചൊവ്വാഴ്ച തിരുവനന്തപുരത്ത് റവന്യൂ മന്ത്രി വിളിച്ചിട്ടുള്ള ജില്ലാ കളക്ടര്‍മാരുടെ യോഗത്തിന് വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിശദാംശങ്ങൾ ഉള്ളത്. ഈ റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുമെന്ന പ്രഖ്യാപനം ഇതുവരെ കേരളത്തില്‍ അധികാരത്തിലേറ്റ എല്ലാ സര്‍ക്കാരുകളും നടത്തിയിട്ടുണ്ട്. ഭൂരഹിതര്‍ക്ക് നല്‍കാനുള്ള ഭൂമി ഏറ്റെടുക്കാനുണ്ടുതാനും. ഏറ്റെടുത്ത ഭൂമി പോലും ഭൂരഹിതര്‍ക്ക് നല്‍കുന്നതില്‍ സര്‍ക്കാരിന് മെല്ലെപ്പോക്കാണെന്നതിന്‍റെ കണക്കാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചൊവ്വാഴ്ച റവന്യൂമന്ത്രി വിളിച്ച് ചേര്‍ത്ത ജില്ലാ കലക്ടര്‍മാരുടെ യോഗം തിരുവനന്തപുരത്ത് ചേരുകയാണ്. അതില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ റവന്യൂ വകുപ്പ് തയ്യാറാക്കിയ അജണ്ടയിലാണ് ഭൂമി സംബന്ധിച്ചുള്ള കണക്കുള്ളത്. 

പതിനാല് ജില്ലകളിലായി ആകെ 656.77 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാതെ കിടക്കുന്നു. അതായത് 1622 ഏക്കര്‍ ഭൂമി. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ മാത്രം 797 ഏക്കര്‍. ഏറ്റെടുത്തത് കൂടാതെ ഏറ്റെടുക്കാനുള്ളത് ഇതിന്‍റെ അഞ്ചുമടങ്ങിലധികം വരും. 3325 ഹെക്ടര്‍. അതായത് 8214 ഏക്കര്‍ ഭൂമി. ആകെ കണക്ക് കൂട്ടിയാല്‍ 10000 ഏക്കറിലധികം ഭൂമിയാണ് ഏറ്റെടുത്തതും ഏറ്റെടുക്കാനുമായി ഉള്ളതെന്ന് റവന്യൂ വകുപ്പിന്‍റെ തന്നെ കണക്ക് വ്യക്തമാക്കുന്നു.

രണ്ട് ലക്ഷത്തിലേറെ മനുഷ്യര്‍ ഇന്നും ഒരു തുണ്ട് ഭൂമിക്ക് വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങുമ്പോഴാണ് ഇത്രയേറെ ഭൂമിയുടെ കണക്ക് പുറത്തുവരുന്നത്. മിച്ചഭൂമി ഭൂരഹിതര്‍ക്ക് എത്രയും പെട്ടെന്ന് വിതരണം ചെയ്യാനുള്ള ഇച്ഛാശക്തി ഈ സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

click me!