
പത്തനംതിട്ട : ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികൾക്ക് വേഗം കൂട്ടി സർക്കാർ. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സാമൂഹികാഘാത പഠനം തുടങ്ങി. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റടക്കം 2,570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിന് പിന്നാലെയാണ് സർക്കാർ നടപടികൾ വേഗത്തിലാക്കുന്നത്. നടപടികൾ കാലതാമസമില്ലാതെ പൂർത്തിയാക്കാൻ റവന്യൂ വകുപ്പ് കൂടുതൽ ഉദ്യോഗസ്ഥര നിയമിക്കും. 2,263 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച് പാല മുൻസിഫ് കോടതിയിൽ കേസുള്ളതിനാൽ കോടതി നിർദ്ദേശപ്രകാരമായിരിക്കും ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുക.
സാമൂഹിക ആഘാത പഠനം പൂർത്തിയാക്കി ശേഷം പൊതുജന അഭിപ്രായം തേടും. തുടർന്ന് വിദഗ്ധ സമിതിയുടെ നടപടിക്രമങ്ങളടക്കം പൂർത്തിയാക്കിയ ശേഷമായിരിക്കും ഭൂമി ഏറ്റെടുക്കലെന്നും റവന്യൂ വകുപ്പ് അറിയിച്ചു. എന്നാൽ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് സർക്കാർ ഉറപ്പിച്ച് പറഞ്ഞതിന് ശേഷം വേണ്ടിവന്നാൽ ഭൂമി പണം നൽകി ഏറ്റെടുക്കാം എന്ന് പറയുന്നതിൽ വൈരുദ്ധ്യമുണ്ടെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. കോടതിയിൽ സർക്കാർ നിലപാടിന് ഈ വാദം തിരിച്ചടിയാകുമെന്നും വിദഗ്ധാഭിപ്രായമുണ്ട്. എന്നാൽ പണം നൽകിയാണ് ഭൂമി ഏറ്റെടുക്കുകയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കോടതി വിധിയ്ക്ക് അനുസരിച്ചായിരിക്കും ഏറ്റെടുക്കലെന്നും റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam