ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും

By Web TeamFirst Published Aug 7, 2019, 7:11 AM IST
Highlights

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യത്തിനെതിരെ സംസ്ഥാന സർക്കാർ ഇന്ന് ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകും. ശ്രീറാം മെഡിക്കൽ കോളേജിലെ ഐസിയുവിൽ തുടരുന്നു.

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഇന്ന് ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകും. ജാമ്യം റദ്ദാക്കണമെന്നാണ് സർക്കാർ ആവശ്യം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അപ്പീൽ നൽകാൻ തീരുമാനിച്ചത്. 

അതേസമയം ജാമ്യം ലഭിച്ചിട്ടും ശ്രീറാം വെങ്കിട്ടരാമൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രോമാകെയർ ഐസിയുവിൽ തുടരുകയാണ്. ശ്രീറാമിന്‍റെ ആരോഗ്യ സ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. ഇന്നലെ സിടി സ്കാൻ നടത്തിയെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് റിപ്പോർട്ട്. മെഡിക്കൽ കോളേജിൽ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറാനുള്ള സാധ്യതയും ഏറെയാണ്.

കേസിൽ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. കേസില്‍ പ്രതിയായതോടെ ശ്രീറാമിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കിയിരുന്നു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു കെഎം ബഷീറാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.   

click me!