ഗവർണറുടെ അന്ത്യശാസനം തള്ളാൻ വിസിമാരോട് സർക്കാർ ആവശ്യപ്പെടും, ഗവർണറെ കോടതിയിൽ നേരിടാനും തീരുമാനം

Published : Oct 23, 2022, 06:55 PM ISTUpdated : Oct 23, 2022, 08:26 PM IST
ഗവർണറുടെ അന്ത്യശാസനം തള്ളാൻ വിസിമാരോട് സർക്കാർ ആവശ്യപ്പെടും, ഗവർണറെ കോടതിയിൽ നേരിടാനും തീരുമാനം

Synopsis

അന്ത്യശാസനം വിസിമാർ തള്ളിയാൽ ഗവർണറുടെ അടുത്ത നടപടി നിർണായകമാണ്. വിസിമാരെ പുറത്താക്കി, സർവകലാശാലകളിലെ സീനിയർ പ്രൊഫസർമാർക്ക് ചുമതല നൽകുക എന്ന കടുത്ത നടപടിയിലേക്ക് ഗവർണർ കടക്കുമോ എന്നതാണ് അറിയേണ്ടത്

തിരുവന്തപുരം: സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വിസിമാരോട് നാളെ രാവിലെ 11.30നകം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട ഗവണറുടെ അന്ത്യശാസനത്തെ നിയമപരമായി നേരിടാൻ സർക്കാർ. ഗവർണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് നീക്കം. ഇതിനായി ഭരണഘടനാ വിദഗ്ധരുമായി സർക്കാർ വൃത്തങ്ങൾ കൂടിയാലോചന തുടങ്ങി. രാജി വയ്ക്കേണ്ടെന്ന് വിസിമാർക്ക് സർക്കാർ നിർദേശം നൽകും.പക്ഷെ കോടതിയെ സമീപിച്ചാലും കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി തിരിച്ചടിയാണ്. കേസിൽ നിയമന അധികാരിയായ ഗവർണറും യുജിസി മാനദണ്ഡം നിർബന്ധമാണെന്ന് നിലപാടെടുത്താൽ അവിടെയും രക്ഷയില്ലാതാകും. അതേസമയം വിസിമാർ അന്ത്യശാസനം തള്ളിയാൽ ഗവർണറുടെ അടുത്ത നടപടി നിർണായകമാണ്. വിസിമാരെ പുറത്താക്കി, സർവകലാശാലകളിലെ സീനിയർ പ്രൊഫസർമാർക്ക് ചുമതല നൽകുക എന്ന കടുത്ത നടപടിയിലേക്ക് ഗവർണർ കടക്കുമോ എന്നതാണ് അറിയേണ്ടത്. എല്ലാ സർവകലാശാലകളിലെയും സീനിയർ പ്രൊഫസർമാരുടെ പട്ടിക ഗവർണർ അടുത്തിടെ ശേഖരിച്ചിരുന്നു. 

'9 സര്‍വ്വകലാശാല വിസി മാര്‍ നാളെതന്നെ രാജി വയ്ക്കണം' അസാധാരണ നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

രാജി വയ്ക്കില്ലെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി. രാജിവയ്ക്കില്ലെന്നും പുറത്താക്കണമെങ്കില്‍ പുറത്താക്കട്ടേയെന്നും കണ്ണൂര്‍ വിസി മാധ്യമങ്ങളോട് പ്രതികരിച്ചു. ഗവര്‍ണറുടെ നടപടിയില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു കുസാറ്റ് വിസിയുടെ പ്രതികരണം. ഇതിനിടെ, സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല സർക്കാർ ഡിജിറ്റൽ സർവകലാശാല വിസിക്ക് കൈമാറി. സുപ്രീംകോടതി സാങ്കേതിക സർവകലാശാല വിസിയുടെ നിയമനം റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി.

'രാജിവയ്ക്കില്ല, പുറത്താക്കണമെങ്കില്‍ പുറത്താക്കട്ടേ', ഗവര്‍ണറുടെ അന്ത്യശാസനം തള്ളി കണ്ണൂര്‍ വിസി

സര്‍ക്കാരുമായുള്ള പോര് കടുപ്പിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 9 സര്‍വകലാശാലകളിലെ വിസിമാരോട് നാളെ തന്നെ രാജി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. യുജിസി ചട്ടം പാലിക്കാത്തതിന്‍റെ  പേരില്‍ സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് ഗവര്‍ണറുടെ അസാധാരണ നടപടി. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവിടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. 
ഗവർണർ എല്ലാ സീമകളും ലംഘിക്കുന്നു, കാവിവല്‍ക്കരിക്കാനുള്ള അജണ്ട ചെറുത്തുതോൽപ്പിക്കും; കടുപ്പിച്ച് സിപിഎം

PREV
Read more Articles on
click me!

Recommended Stories

കൊച്ചി മേയറുടെ ബ്രഹ്മപുരം സന്ദര്‍ശനം; പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടിജെ വിനോദ് എംഎൽഎ
അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ