ഗതാഗത മേഖലയിൽ വമ്പൻ മാറ്റങ്ങൾക്ക് സർക്കാർ; കെഎസ്ആർടിസിയിൽ സമഗ്ര പരിഷ്കരണമെന്ന് മന്ത്രി സിപി ജോൺ

Published : Jun 30, 2026, 02:56 PM IST
cp john

Synopsis

സംസ്ഥാനത്തെ ഗതാഗത മേഖലയിൽ സർക്കാർ വിപുലമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. കെ.എസ്.ആർ.ടി.സിയിൽ പ്രിയദർശിനി സൗജന്യയാത്ര, ഡിജിറ്റൽ ടിക്കറ്റിങ്, ചലോ ആപ്പ് തുടങ്ങിയവയും, വരുമാനം വർദ്ധിപ്പിക്കാൻ 'റോളിങ് ആഡ്സ്' എന്ന പുതിയ ആപ്ലിക്കേഷനും അവതരിപ്പിച്ചു.  

തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത മേഖലയിൽ സുതാര്യതയും മികച്ച സേവനങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിപുലമായ പദ്ധതികൾക്ക് സർക്കാർ രൂപം നൽകി. കെ.എസ്.ആർ.ടി.സിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഡിജിറ്റൽ സംവിധാനങ്ങൾക്കും പുറമെ മോട്ടോർ വാഹന വകുപ്പിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ നിയമസഭയിൽ ചോദ്യോത്തര വേളയിൽ മറുപടി നൽകി.

പ്രിയദർശിനി സൗജന്യയാത്രയും സ്ത്രീസൗഹൃദ പദ്ധതികളും

ഇന്ദിരാ ഗ്യാരണ്ടി പദ്ധതിയുടെ ഭാഗമായി കെ എസ് ആർ ടി സിയുടെ 3125 ഓർഡിനറി ബസുകളിൽ നിലവിൽ പ്രിയദർശിനി സ്ത്രീ സൗജന്യയാത്രാ പദ്ധതി വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. സിറ്റി ഫാസ്റ്റ് സർവീസുകൾ മാത്രം സർവീസ് നടത്തുന്ന തിരുവനന്തപുരം നഗരത്തിലെ റൂട്ടുകളിൽ കൂടുതൽ ഓർഡിനറി സർവീസുകൾ ആരംഭിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. യാത്രക്കാരുടെ സൗകര്യാർഥം ഡിപ്പോകളുടെ നവീകരണവും പ്രവർത്തനവും വിലയിരുത്തുന്നതിനായി ജനപ്രതിനിധികളെ ഉൾപ്പെടുത്തി ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്.

ഈ സംവിധാനത്തിലൂടെ എല്ലാ ബസ് സ്റ്റാൻഡുകളിലും സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സുരക്ഷിതമായ ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കും. തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് 'ടേക്ക് എ ബ്രേക്ക്' (വഴിയിടം) പദ്ധതികളും വിപുലമായി നടപ്പിലാക്കുന്നുണ്ട്. വിവോയുമായി സഹകരിച്ച് തിരുവനന്തപുരം, കോഴിക്കോട്, അങ്കമാലി തുടങ്ങിയ യൂണിറ്റുകളിൽ വനിതകൾക്കായി ശീതീകരിച്ച വിശ്രമ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ എല്ലാ യൂണിറ്റുകളിലും ജീവനക്കാർക്കായി ടോയ്‌ലറ്റ് സൗകര്യവും വിശ്രമമുറിയും സജ്ജമാക്കിയിട്ടുണ്ട്.

ഡിജിറ്റൽ മുന്നേറ്റവും സുരക്ഷാ ക്രമീകരണങ്ങളും

കെ.എസ്.ആർ.ടി.സി പൂർണ്ണമായും ആധുനിക ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുകയാണ്. ടിക്കറ്റിങ് പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ആൻഡ്രോയിഡ് അധിഷ്ഠിത ഇലക്ട്രോണിക് ടിക്കറ്റിങ് സംവിധാനം ഇതിനകം നടപ്പാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് യുപിഐ, ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിങ്, വാലറ്റുകൾ, ചലോ പേ, ട്രാവൽ കാർഡുകൾ തുടങ്ങിയ വിവിധ ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ എളുപ്പത്തിൽ ടിക്കറ്റ് തുക നൽകാം. ചലോ മൊബൈൽ ആപ്ലിക്കേഷൻ വഴി ബസ്സുകളുടെ തത്സമയ വിവരങ്ങൾ അറിയാനും ടിക്കറ്റുകളും യാത്രാ പാസുകളും വാങ്ങാനും യാത്രകൾ ആസൂത്രണം ചെയ്യാനും സാധിക്കും.

കൂടാതെ സ്മാർട്ട് കൺസഷൻ കാർഡ്, ആധാർ അടിസ്ഥാനമാക്കിയുള്ള ഹാജർ സംവിധാനം എന്നിവയും കെ.എസ്.ആർ.ടി.സിയിൽ നിലവിൽ വന്നു. യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി ബസുകളിൽ ക്യാമറകളും ലൈവ് ട്രാക്കിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഡിപ്പോകളിലും പ്രവർത്തിക്കുന്ന ഫ്രണ്ട് ഓഫിസുകൾക്ക് പുറമെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രീകൃത കൺട്രോൾ റൂമും നിലവിൽ സജ്ജമാണെന്ന് മന്ത്രി അറിയിച്ചു.

'റോളിങ് ആഡ്സ്' മൊബൈൽ ആപ്ലിക്കേഷൻ

ആധുനിക സാങ്കേതിക വിദ്യയിലൂന്നിയുള്ള സർവീസുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കോർപറേഷന്റെ ബിഎസ് 6 ബസുകളുടെ എണ്ണം 650 ആയും ഇലക്ട്രിക് ബസുകളുടെ എണ്ണം 167 ആയും വർധിപ്പിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ വരുമാന വർധനവ് ലക്ഷ്യമിട്ട് ബസ് ബ്രാൻഡിങ്ങിനായി പുതിയ സംവിധാനവും ഏർപ്പെടുത്തി. വൻകിട ഏജൻസികൾക്ക് പുറമെ സാധാരണക്കാരായ ഏതൊരു വ്യക്തിക്കും പരസ്യം നൽകാൻ കഴിയുന്ന വിധത്തിൽ 'റോളിങ് ആഡ്സ്' എന്ന പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തനം ആരംഭിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ചു, യുവതിയും കുഞ്ഞും മരിച്ചു, ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ, ദാരുണസംഭവം തൃശ്ശൂരിൽ
ബാറിൽ മദ്യപിച്ച് വയോധികനെ മര്‍ദ്ദിച്ച കേസ്; കെ സുധാകരന്റെ ഓപ്പറേഷൻ തൂഫാൻ യോഗത്തിൽ പങ്കെടുത്തയാൾ അറസ്റ്റിൽ