സർക്കാറുകൾ അംഗീകാരം നല്‍കുന്നില്ല, മലയാളികളായ പാരാമെഡിക്കല്‍ ഉദ്യോഗാർത്ഥികൾ ദുരിതത്തില്‍

By Web TeamFirst Published Jun 10, 2021, 9:21 AM IST
Highlights

കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ പാരാമെഡിക്കല്‍ കൗൺസിലുകൾ നിലവിലില്ല. ഇതോടെ ഈ സംസ്ഥാനങ്ങളില്‍ കോഴ്സുകൾ പഠിച്ചിറങ്ങിയ പതിനായിരത്തോളം മലയാളി ഉദ്യോഗാർത്ഥികൾ എവിടെയും അംഗീകരിക്കപ്പെടാത്ത സാഹചര്യമാണുള്ളത്.

ബെം​ഗളുരു: സർക്കാറുകൾ അംഗീകാരം നല്‍കാത്തതിനാല്‍ കേരളത്തിന് പുറത്തുനിന്ന് കോഴ്സുകൾ പഠിച്ചിറങ്ങിയ മലയാളികളായ പാരാമെഡിക്കല്‍ ഉദ്യോഗാർത്ഥികൾ ദുരിതത്തില്‍. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി പഠിച്ചിറങ്ങിയ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ജോലി കണ്ടെത്തുന്നതിന് വലിയ പ്രതിസന്ധി നേരിടുന്നത്. കേരള സർക്കാർ പാരാമെഡിക്കല്‍ കൗൺസിലില്‍ അംഗത്വം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളിലായി ബിഎസ്ഇ, എംഎസ്ഈ അലൈഡ് ഹെല്‍ത്ത് കോഴ്സുകൾ പൂർത്തീകരിച്ച വിദ്യാ‍ർത്ഥികൾക്ക് അതാത് സംസ്ഥാനങ്ങളിലെ പ്രൊഫഷണല്‍ രജിസ്ട്രേഷന്‍ കൗൺസിലുകളാണ് അംഗത്വം നല്‍കേണ്ടത്. എന്നാല്‍ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ പാരാമെഡിക്കല്‍ കൗൺസിലുകൾ നിലവിലില്ല. ഇതോടെ ഈ സംസ്ഥാനങ്ങളില്‍ കോഴ്സുകൾ പഠിച്ചിറങ്ങിയ പതിനായിരത്തോളം മലയാളി ഉദ്യോഗാർത്ഥികൾ എവിടെയും അംഗീകരിക്കപ്പെടാത്ത സാഹചര്യമാണുള്ളത്.

കേരള സർക്കാർ ജോലികൾക്ക് അപേക്ഷിക്കണമെങ്കില്‍ കേരള പാരാമെഡിക്കല്‍ കൗൺസിലിന്‍റെ അംഗത്വം വേണമെന്നാണ് നിലവിലെ നിബന്ധന. യുജിസി അംഗീകൃത സർവകലാശാലകളില്‍നിന്ന് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല എന്ന നിയമം നിലവിലുണ്ട്‌. എന്നിട്ടും അംഗത്വം നല്‍കാനായി കേരള ആരോഗ്യ സർവകലാശാലയുടെ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കാനും കേരള പാരാമെഡിക്കല്‍ കൗൺസില്‍ നിർബന്ധിക്കുകയാണെന്നും ഉദ്യോഗാർത്ഥികൾക്ക് പരാതിയുണ്ട്.

കൊവിഡ് കാലത്ത് ജോലിക്ക് അപേക്ഷിക്കാന്‍പോലും കഴിയാതെ ബുദ്ദിമുട്ടുകയാണ് എല്ലാവരും. സർക്കാറില്‍നിന്ന് അനൂകൂല നടപടിയുണ്ടാകാനായി സമൂഹമാധ്യമ ക്യാംപെയ്നും ഉദ്യോഗാർത്ഥികൾ ആരംഭിച്ചിട്ടുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!