ഗവര്‍ണര്‍ - സിപിഎം പോര് മുറുകുന്നു: ബില്ലുകളിൽ ഒപ്പിടുന്നതിൽ ആശങ്ക, പോര് നാടകമെന്ന് പ്രതിപക്ഷ നേതാവ്

By Web TeamFirst Published Sep 17, 2022, 11:58 PM IST
Highlights

തൻ്റെ ശാരീരിക സ്ഥിതിയിൽ ഭയമുണ്ടെന്ന പറഞ്ഞ ഗവർണ്ണർ ചരിത്ര കോൺഗ്രസ്സിൽ നടന്നതിൻ്റെ തെളിവുകൾ പുറത്തുവിടുമെന്നാണ് ഭീഷണി മുഴക്കുന്നത്.

തിരുവനന്തപുരം: കണ്ണൂരിൽ ചരിത്ര കോൺഗ്രസ്സിനിടെ തനിക്കെതിരായ വധശ്രമമുണ്ടായതിന്  പിന്നിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന കടുത്ത സൂചന ഇന്ന് ഗവര്‍ണര്‍ നൽകിയതോടെ സിപിഎമ്മിന് പകരം ഇനി മുഖ്യമന്ത്രിയും ഗവര്‍ണറും നേര്‍ക്കുനേര്‍ വരുമെന്ന സൂചനയാണ് ലഭിക്കുന്നത്. . ഗവർണ്ണർക്ക് സമചിത്തത നഷ്ടപ്പെട്ടെന്ന് തിരിച്ചടിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിനന്ദൻ ഇതിനുള്ള തെളിവുകൾ പുറത്തുവിടാൻ ഗവര്‍ണറെ വെല്ലുവിളിച്ചു. മുഖ്യമന്ത്രിക്കെതിരെ കടുപ്പിച്ച് ഗവർണ്ണറും ഗവർണ്ണറെ നേരിട്ട് സിപിഎം നേതാക്കളും രംഗത്തെത്തിയതോടെ പോര് കടുത്തു.

ഗവർണ്ണറും മുഖ്യമന്ത്രിയും നേർക്കുനേര്‍ വരുന്നതോടെ സംസ്ഥാനത്തുള്ളത് അസാധാരണ സാഹചര്യമാണ്. കണ്ണൂരിൽ ചരിത്ര കോൺഗ്രസ്സിൽ തനിക്കെതിരായ വധശ്രമത്തിന് പിന്നിൽ വിസിയെ കുറ്റപ്പെടുത്തിയിരുന്ന ഗവർണ്ണർ ഇന്ന് മുഖ്യമന്ത്രിയെയും സംശയനിഴലിൽ നിർത്തിയാണ് മാധ്യമങ്ങളോട് സംസാരിച്ചത്. 

തൻ്റെ ശാരീരിക സ്ഥിതിയിൽ ഭയമുണ്ടെന്ന പറഞ്ഞ ഗവർണ്ണർ ചരിത്ര കോൺഗ്രസ്സിൽ നടന്നതിൻ്റെ തെളിവുകൾ പുറത്തുവിടുമെന്നാണ് ഭീഷണി മുഴക്കുന്നത്. എന്നാൽ സ്വാഭാവികമായുണ്ടായ പ്രതിഷേധത്തെ ഗവർണ്ണർ പെരുപ്പിച്ച് കാട്ടുന്നുവെന്നാണ് സിപിഎം മറുപടി. തെളിവ് പുറത്തുവിടാൻ പാര്‍ട്ടി സെക്രട്ടറിയുടെ വെല്ലുവിളി പിന്നാലെയെത്തി.

മാധ്യമങ്ങളോട് ഗവർണ്ണർ നിരന്തരം പ്രതികരിക്കുന്നതിനെ ഇന്നലെ പിണറായി വിമർശിച്ചിരുന്നു. എന്നാൽ തൻ്റെ കത്തിനും ഫോൺ വിളിക്കും മറുപടി പറയാതെ മുഖ്യമന്ത്രി ഭയപ്പെടുന്നു എന്ന് ഗവർണ്ണർ തിരിച്ചടിക്കുന്നു. സർവ്വകലാശാലകളിൽ ഇടപെടില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി അയച്ച കത്തുകൾ മറ്റന്നാൾ തലസ്ഥാനത്ത് എത്തിയ ശേഷം പുറത്തുവിടുമെന്നാണ് ഗവർണ്ണറുടെ അടുത്ത ഭീഷണി. ഭീഷണി ഏറ്റെടുത്ത് മുഖ്യമന്ത്രിക്കൊപ്പം സിപിഎമ്മും ഗവർണ്ണറെ നേരിടാനുറച്ച് ഇറങ്ങുമ്പോൾ സമവായത്തിൻറെ ഒരു സാധ്യതയും തത്കാലം മുന്നിലില്ല. 

ഗവർണ്ണറെ രാഷ്ട്രീയമായി നേരിടാൻ തീരുമാനിച്ച സിപിഎം, ബില്ലുകളിൽ ഒപ്പിട്ടില്ലെങ്കിൽ ഏതറ്റം വരെയും പോകുമെന്നാണ് മുന്നറിയിപ്പ് നൽകുന്നത്. ഗവർണ്ണർ പദവി തന്നെ ആവശ്യമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇന്ന് പ്രതികരിച്ചു. ഗവർണ്ണർ-സർക്കാർ പോര് നാടകമാണെന്നാണ് പ്രതിപക്ഷനേതാവിൻറെ നിലപാട്

ഗവർണ്ണർ-സർക്കാർ പോരിനിടെ വലിയ ഭരണഘടനാ പ്രശ്നമായി മാറുന്നത് വിവാദ ബില്ലുകളുടെ ഭാവിയാണ്. സർവ്വകലാശാല-ലോകായുക്ത നിയമഭേദഗതി ബില്ലുകളിൽ ഒപ്പിടില്ലെന്നാണ് ഗവർണ്ണർ ഉറപ്പിച്ചുപറയുന്നത്

രണ്ടു ബില്ലുകളിലും നിയമോപദേശം തേടി നീട്ടിക്കൊണ്ട് പോകും അല്ലെങ്കിൽ രാഷ്ട്രപതിക്ക് വിടാനാണ് രാജ്ഭവൻ നീക്കം. എന്നാൽ ഒപ്പിട്ടില്ലെങ്കിൽ ഗവർണ്ണറെ രാഷ്ട്രീയമായി നേരിടാനാണ് ഇടത് തീരുമാനം. ഒപ്പം കോടതിയെ സമീപിക്കുന്നതതിൻ്റെ സാധ്യതയും അവര്‍ ആലോചിക്കുന്നു. 

എന്നാൽ സർക്കാറിൻെ തലവനായ ഗവർണ്ണർക്കെതിരെ സർക്കാർ തന്നെ കോടതിയിൽ പോകുന്നത് അസാധാരണ നടപടിയാകും. സംസ്ഥാന സർക്കാറുകളുടെ ശുപാർശ ഗവ‍ർണ്ണർ പരിഗണിക്കണമെന്ന പേരറളിവാൻ കേസിലെ സുപ്രീം കോടതി ഉത്തരവ് അടക്കം ആയുധമാക്കാനാണ് ഇടത് ശ്രമം. എന്നാൽ ആ സാഹചര്യം വേറെയാണെന്നും നിയമസഭ പാസ്സാക്കിയ ബില്ലിൽ ഒപ്പിടാൻ സമയപരിധിയില്ലെന്നാണ് രാജ്ഭവൻ വിശദീകരണം. അതിനിടെ പ്രതിപക്ഷം തന്ത്രപരമായ നിലപാടിലാണ് വിവാദ ബില്ലുകളിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട വിഡി സതീശൻ ചരിത്ര കോൺഗ്രസ്സിലെ വധശ്രമമെന്ന ഗവർണ്ണറുടെ ആരോപണം തള്ളുകയാണ്ചെയ്തത്.

click me!