സെക്രട്ടേറിയേറ്റിലെ തീപിടിത്തം: ഇടപെട്ട് ഗവര്‍ണര്‍, പ്രതിപക്ഷ നേതാവ് നൽകിയ പരാതി മുഖ്യമന്ത്രിക്ക് കൈമാറി

By Web TeamFirst Published Aug 27, 2020, 11:42 AM IST
Highlights

പ്രതിപക്ഷ നേതാവ് നൽകിയ പരാതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഉചിതമായ പരിഗണന വേണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം. 

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ സംഭവത്തിൽ ഗവർണ്ണർ ഇടപെടുന്നു. പ്രതിപക്ഷ നേതാവ് നൽകിയ പരാതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഉചിതമായ പരിഗണന വേണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം. 

തീപിടിത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ച് വരുത്തണമെന്നും പ്രശ്നത്തിലിടപെടണമെന്നും രമേശ് ചെന്നിത്തല ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. സംഭവം നടന്ന ദിവസം തന്നെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ പ്രതിപക്ഷനേതാവ് ഇക്കാര്യത്തിൽ ഗവര്‍ണര്‍ കൃത്യമായി ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു. 

അതേ സമയം സെക്രട്ടേറിയറ്റിലെ തീപിടിത്തം അന്വേഷിക്കുന്ന പൊലീസ് സംഘം പ്രോട്ടോക്കോള്‍ വിഭാഗത്തിലെ  മുഴുവന്‍ ഫയലുകളുടെയും  പരിശോധന തുടങ്ങി. തീപിടിത്തത്തില്‍ നഷ്ടപ്പെട്ട ഫയലുകള്‍ ഏതൊക്കെയെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് പരിശോധന. ഫയല്‍ പരിശോധനാ നടപടികളുടെ വീഡിയോയും ചിത്രീകരിക്കുന്നുണ്ട്.

ഭാഗികമായി കത്തി നശിച്ച ഫയലുകള്‍ സ്കാന്‍ ചെയ്ത് സൂക്ഷിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. പൊതുഭരണവകുപ്പിലെ മുഴുവന്‍ ജീവനക്കാരുടെയും മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. താല്‍ക്കാലികമായി എട്ടു സിസിടിവി ക്യാമറകളും പൊതുഭരണവിഭാഗത്തില്‍  സ്ഥാപിച്ചു.

 

click me!