വെട്ടിലായി സർക്കാർ; തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച ഓർഡിനൻസ് മടക്കി ​ഗവർണർ

Published : May 22, 2024, 09:35 AM ISTUpdated : May 22, 2024, 12:47 PM IST
വെട്ടിലായി സർക്കാർ; തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച ഓർഡിനൻസ് മടക്കി ​ഗവർണർ

Synopsis

പ്രത്യേക മന്ത്രിസഭായോ​ഗം ചേർന്നാണ് തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച് തീരുമാനമെടുത്തത്. 

തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് പുനർ വിഭജനത്തിനുള്ള ഓര്‍ഡിനൻസ് ഗവര്‍ണര്‍ മടക്കിയതോടെ വെട്ടിലായി സർക്കാർ. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി വേണമെന്നാണ് ആവശ്യം. ഫയൽ കമ്മീഷന് കൈമാറിയ സർക്കാർ അതിവേഗം അനുമതി വാങ്ങാനുള്ള നീക്കത്തിലാണ്. ഓർഡിനൻസിൽ തീരുമാനം വൈകുന്നതിനാൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനുള്ള നീക്കം പ്രതിസന്ധിയിലാണ്,

തിങ്കളാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭായോഗമാണ് വാർഡ് പുനർവിഭജനത്തിനായി ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. 2011 ലെ സെൻസസ് അനുസരിച്ചുള്ല വിഭജനം വഴി ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു വാർഡുകൾ വീതം കൂട്ടാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നുണ്ടെങ്കിലും സർക്കാർ കമ്മീഷന്‍റെ അനുമതി വാങ്ങിയിരുന്നില്ല. ഭരണപരമായ സ്വാഭാവിക നടപടിയായതിനാൽ കമ്മീഷൻ അനുമതി വേണ്ടെന്നായിരുന്നു സർക്കാർ നിലപാട്.

പക്ഷെ അനുമതി ഇല്ലാത്തതിൽ ഉടക്കി രാജ്ഭവൻ ഫയൽ മടക്കി. ഓർഡിനൻസിൽ  തീരുമാനം നീളുന്നതാണ് സർക്കാരിനുള്ള കുരുക്ക്. ഗവർണര്‍ ഓർഡിനൻസിൽ ഒപ്പിടുമെന്നായിരുന്നു സർക്കാർ വിലയിരുത്തൽ. മറ്റന്നാൾ ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്‍റെ തീയതി തീരുമാനിക്കാനിരിക്കുകയായിരുന്നു. ജൂൺ 10 മുതൽ സമ്മേളനം എന്ന നിലക്കാണ് ധാരണ. സമ്മേളനം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്താൽ പിന്നെ ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടില്ല.

സഭ സമ്മേളിക്കാത്ത സമയത്തെ അടിയന്തിര ആവശ്യങ്ങൾക്കാണ് ഓ‌‍ർ‍ഡിനൻസ്. സഭ ചേരാൻ തീരുമാനിച്ചാൽ ബിൽ കൊണ്ടുവരേണ്ടിവരും. നടപടിക്രമം പൂർത്തിയാക്കി ബിൽ പാസ്സാക്കാൻ സമയവുമെടുക്കും. ഫയലിൽ കമ്മീഷന്‍റെ അനുമതി അതിവേഗം വാങ്ങി വീണ്ടും ഗവർണർക്ക് സമർപ്പിക്കാനാണ് സർക്കാർ നീക്കം. വാര്‍ഡ് പുനര്‍വിഭജനത്തിൽ  സര്‍ക്കാര്‍ നടപടികൾ ഏകപക്ഷീയമാണെന്ന് പ്രതിപക്ഷം വിമർശിച്ചിട്ടുണ്ട്. പക്ഷെ ഗവർണ്ണർക്ക് ഇതുവരെ പരാതി നൽകിയിട്ടില്ല. പരാതികൾ വന്നാൽ അതിൽ ഗവർണർ സർക്കാറിനോട് വിശദീകരണം തേടാനും തീരുമാനം വീണ്ടും നീളാനും സാധ്യതയുണ്ട്.  

 

 

PREV
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ