
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവർണ്ണരുടെ നോമിനികളായി ബിജെപി ബന്ധമുള്ളവരെ ഉൾപ്പെടുത്തി. സെനറ്റിലെ 17 പേരിൽ സര്‍വകലാശാല നിര്‍ദ്ദേശിച്ച പട്ടിക തിരുത്തിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തനിക്ക് താത്പര്യമുള്ളവരെ ഉൾപ്പെടുത്തിയത്. സര്‍വകലാശാല സെനറ്റിൽ 17 പേരിൽ എബിവിപി, ബിജെപി അനുകൂലികളെയും ബിജെപി അനുകൂല അധ്യാപക സംഘടനാ നേതാക്കളെയും ഉൾപ്പെടുത്തി. ജന്മഭൂമി സ്പെഷ്യൽ കറസ്പോണ്ടന്റും ഗവര്‍ണറുടെ നോമിനിയായി സെനറ്റിൽ ഉണ്ട്. സർവ്വകലാശാല നിര്‍ദ്ദേശിച്ച പേരുകൾ വെട്ടിയാണ് ഗവർണർ പുതിയ പേരുകൾ ചേർത്തത്.
കോഴിക്കോട് സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവർണ്ണറുടെ നോമിനേഷൻ പട്ടികയിൽ ബിജെപി ബന്ധമുള്ളവരെ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. അതിന് പിന്നാലെയാണ് കേരള സര്‍വകലാശാലയിലും ബിജെപി നോമിനേഷൻ. 17 പുതിയ അംഗങ്ങളിൽ വിദ്യാർത്ഥി പ്രതിനിധികളായി ഗവർണ്ണർ നോമിനേറ്റ് ചെയ്തതത് അധികവും എബിവിപി പ്രവര്‍ത്തകരും നേതാക്കളുമാണ്. അധ്യാപക പ്രതിനിധികൾ ബിജെപി അധ്യാപക സംഘടനയായ എൻടിയുവിന്റെ സംസ്ഥാന പ്രസിഡണ്ട് അടക്കമുള്ള നേതാക്കൾ. ഒപ്പം ബിജെപി അനുകൂല കോളേജ് അധ്യാപക സംഘടന ഉവാസ് ഭാരവാഹികളുമുണ്ട്.
ബിജെപി ഇൻഡസ്ട്രിയൽ സെൽ ഭാരവാഹിയും മാധ്യമപ്രവർത്തക പ്രതിനിധിയായി ജന്മഭൂമി സ്പെഷ്യൽ കറസ്പോണ്ടൻറും സെനറ്റിലേക്ക് ഗവര്‍ണറുടെ നോമിനിയായി. കേരള സർവ്വകലാശാല പല പ്രമുഖരുടെയും പേരുകൾ ഉൾപ്പെടുത്തി നൽകിയ പട്ടികയിൽ നിന്നും ഒരാളെ പോലും രാജ്ഭവൻ പരിഗണിച്ചില്ല. സെനറ്റിൽ പ്രതിപക്ഷത്തെ അംഗങ്ങളുടെ എണ്ണം ഇതോടെ 32 ആയി ഉയരും. ഭൂരിപക്ഷം ഇടതുപക്ഷത്തിന് തന്നെയാകും. എങ്കിലും സെനറ്റിലെ പുതിയ അംഗങ്ങളുടെ എണ്ണം അനുസരിച്ച് ഇതിൽ തന്നെ ബിജെപി ബന്ധമുള്ളവർ സിന്റിക്കേറ്റിലും എത്തും. ബിജെപി ഏജൻറാണ് ഗവർണ്ണർ എന്ന ആരോപണം ഇനി സിപിഎം കൂടുതൽ കടുപ്പിക്കും.