
കണ്ണൂർ: ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ജയിലിൽ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ച്. രാവിലത്തെ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്നാണ് ഗാർഡ് ഓഫീസർക്ക് ലഭിച്ച റിപ്പോർട്ട്. ആരോ ഒരാൾ ജയിൽ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ടശേഷമാത്രമാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്. ഗാർഡ് ഓഫീസർക്ക് ലഭിച്ച ആദ്യ റിപ്പോർട്ട് കൃത്യമായ പരിശോധനയില്ലാതെയാണെന്നും ഇതിലൂടെ വ്യക്തമായിട്ടുണ്ട്.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ മാത്രമല്ല, തടവിലെ താമസത്തിലടക്കം ജയിലധികൃതർക്ക് അടിമുടിവീഴ്ച സംഭവിച്ചു എന്ന് വ്യക്തമാക്കുന്ന കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു കൊടും ക്രിമിനലിന് താടിനീട്ടിവളർത്താനടക്കം ആരാണ് അനുമതി നൽകിയതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. മാസത്തിൽ ഒരു പ്രാവശ്യം തലമുടി വെട്ടണം, ആഴ്ചയിൽ ഷേവ്ചെയ്യണം എന്നാണ്ചട്ടം. ഈ ചട്ടം നിലനിൽക്കുമ്പോഴും ഗോവിന്ദച്ചാമിയെ പോലൊരു കൊടും കുറ്റവാളി താടി നീട്ടി വളർത്തിയിട്ടും ജയിൽ ഉദ്യോഗസ്ഥർ വിലക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനും അധികൃതർ ഉത്തരം പറയേണ്ടിവരും.
അതിനിടെ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന്‍റെ കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പിടിയിലായതിന് ശേഷം പൊലീസിന് നൽകിയ ആദ്യ മൊഴിയിൽ ഒന്നര മാസത്തെ ആസൂത്രണം നടത്തിയാണ് ജയിൽ ചാടിയതെന്ന് ഗോവിന്ദച്ചാമി വെളിപ്പെടുത്തി. ജയിലിന്റെ അഴികൾ മുറിക്കാൻ ഒന്നര മാസമെടുത്തു. മുറിച്ചതിന്റെ പാടുകൾ പുറത്തുനിന്ന് കാണാതിരിക്കാൻ തുണികൊണ്ട് കെട്ടിവെച്ചിരുന്നു. കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളെന്നടക്കം ഗോവിന്ദച്ചാമി വെളിപ്പെടുത്തി. എന്നാൽ ആരാണ് അത് എന്ന കാര്യം ഇതുവരെയും കൊടുംകുറ്റവാളി വെളിപ്പെടുത്തിയിട്ടില്ല. ആയുധം നൽകിയ ആളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ജയിലിന്റെ മതിൽ ചാടുന്നതിനായി പാൽപ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചു. ജയിൽ ചാടിയതിന് ശേഷം ഗുരുവായൂരിൽ എത്തി മോഷണം നടത്താനായിരുന്നു പ്ലാനിട്ടത്. കവർച്ച ചെയ്യുന്ന പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാനായിരുന്നു ലക്ഷ്യമെന്നും ഗോവിന്ദച്ചാമി പൊലീസിനോട് വെളിപ്പെടുത്തി. റെയിൽവേ സ്റ്റേഷൻ എവിടെയാണെന്ന് വ്യക്തമായി അറിയാത്തതുകൊണ്ടാണ് താൻ ഡി സി സി ഓഫീസ് പരിസരത്ത് എത്തിയതെന്നും അങ്ങനെയാണ് പിടിക്കപ്പെട്ടതെന്നും ഗോവിന്ദച്ചാമി വിവരിച്ചു. ജയിലിനുള്ളിൽ വെച്ച് പുറത്തുള്ള ചിലരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗോവിന്ദച്ചാമിയെ ജയിൽ ചാടാൻ സഹായിച്ചവരെക്കുറിച്ചും കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ജയിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയും പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം ഗോവിന്ദച്ചാമി ജയിൽ ചാടിയത് രാവിലെ 4:30 ക്ക് ശേഷമാണെന്ന് വ്യക്തമായിട്ടുണ്ട്. ആദ്യമതിൽ ചാടി കടക്കാൻ വെള്ളം കൊണ്ടുവരുന്ന കന്നാസുകൾ കൂട്ടിവെച്ചു. തുണികൾ കൂട്ടിക്കെട്ടി കയറ് രൂപത്തിൽ ആക്കി വലിയ മതിൽ കടന്നു. ഫെൻസിംഗ് ലൈനിന്റെ തൂണിലാണ് കെട്ടിയതെന്നും വ്യക്തമായിട്ടുണ്ട്. ദേശീയപാതയിൽ നിന്നും 10 മീറ്റർ ഉള്ളിലുള്ള ഭാഗത്താണ് പുറത്തുചാടിയത്. റോഡിലേക്ക് ഇറങ്ങി കണ്ണൂർ ഭാഗത്തേക്ക് നടക്കുകയായിരുന്നു. നാലു കിലോമീറ്റർ സഞ്ചരിച്ച് തളാപ്പിൽ എത്തി. ഇവിടെവച്ച് ഒരു വഴിയാത്രക്കാരൻ ഗോവിന്ദച്ചാമിയെ കണ്ടു തിരിച്ചറിഞ്ഞതാണ് നിർണായകമായതെന്നാണ് വിവരം. 'ഗോവിന്ദച്ചാമി' എന്ന് വിളിച്ചപ്പോൾ ഓടി. തൊട്ടടുത്ത മതിൽ ചാടി കടന്ന് ഒഴിഞ്ഞ പറമ്പിലേക്ക് ഓടി. കാടുപിടിച്ച ആശുപത്രി കെട്ടിടത്തിന്റെ ഉള്ളിലേക്ക് കടന്നു. സംഭവമറിഞ്ഞ നാട്ടുകാർ വട്ടം കൂടിയതോടെ ഗോവിന്ദച്ചാമി കുടുങ്ങുകയായിരുന്നു. ഇതിനിടെ ദൃക്സാക്ഷി പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി പരിശോധന തുടങ്ങിയപ്പോൾ അവിടെ നിന്ന് മാറി. തൊട്ടടുത്തുള്ള കേന്ദ്ര സർക്കാർ സ്ഥാപനത്തിന്റെ പുറകിൽ എത്തി. നാട്ടുകാരും പൊലീസും വളഞ്ഞതോടെ കിണറ്റിലേക്ക് ചാടി ഒളിഞ്ഞിരുന്നു. തിരച്ചിലിൽ ഇത് കണ്ടെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് കിണറ്റിൽ നിന്ന് വലിച്ചെടുക്കുകയായിരുന്നു.