കൊട്ടിക്കലാശത്തിന്റെ തിരക്കിനിടെ ഭൂമി കയ്യേറ്റം; തൊവരിമലയിൽ അവകാശം സ്ഥാപിച്ചത് ഭൂരഹിതരായ ആയിരത്തിലധികം കുടുംബങ്ങള്‍

By Web TeamFirst Published Apr 22, 2019, 8:19 AM IST
Highlights

വയനാട്ടിലെ രാഷ്ടീയ കക്ഷികളും പൊലീസ് റവന്യൂ അധികൃതരും തെരഞ്ഞെടുപ്പിന്റെ തിരക്കിൽ നിൽക്കുമ്പോഴായിരുന്നു നെന്മേനി പഞ്ചായത്തിലെ തൊവരിമലയിൽ സിപിഐ എംഎൽ നേതൃത്വത്തിലുള്ള ഭൂസമര സമിതി കയ്യേറ്റം നടത്തിയത്. 

തൊവരിമല: വയനാട് തൊവരിമലയിൽ വൻ ഭൂമി കയ്യേറ്റം. ഹാരിസൺ മലയാളം ലിമിറ്റഡിൽ നിന്നും സർക്കാർ ഏറ്റെടുത്ത 104 ഹെക്ടർ ഭൂമിയിൽ ആയിരത്തോളം കുടുംബങ്ങളാണ് കയ്യേറ്റം നടത്തിയത്. കൊട്ടിക്കലാശത്തിന്റെ തിരക്കിലായിരുന്ന പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കണ്ണ് വെട്ടിച്ചായിരുന്നു കയ്യേറ്റം.

വയനാട്ടിലെ രാഷ്ടീയ കക്ഷികളും പൊലീസ് റവന്യൂ അധികൃതരും തെരഞ്ഞെടുപ്പിന്റെ തിരക്കിൽ നിൽക്കുമ്പോഴായിരുന്നു നെന്മേനി പഞ്ചായത്തിലെ തൊവരിമലയിൽ സിപിഐ എംഎൽ നേതൃത്വത്തിലുള്ള ഭൂസമര സമിതി കയ്യേറ്റം നടത്തിയത്. 13 പഞ്ചായത്തുകളിൽ നിന്നായി സംഘടിച്ചെത്തിയ ആദിവാസികളും മറ്റ് ഭൂരഹിതരും അടക്കം ആയിരത്തോളം കുടുംബങ്ങൾ ഞായറാഴ്ച വൈകീട്ട് ആറു മണിയോടെ ഭൂമി കയ്യേറി അവകാശം സ്ഥാപിച്ചു.

അതീവ രഹസ്യ സ്വഭാവത്തോടെ നടത്തിയ കയ്യേറ്റം പരിസരവാസികൾ പോലും അറിഞ്ഞില്ല.തോട്ടത്തിനുള്ളിലെ പഴയ ബംഗ്ലാവടക്കമുള്ള കെട്ടിടങ്ങളിൽ സമരക്കാർ നിലയുറപ്പിച്ച ശേഷമാണ് പൊലീസ് സംഭവമറിഞ്ഞത്. വിവരം ചോരാതിരിക്കാൻ ഫോൺ പോലും ഉപയോഗിക്കാതെയായിരുന്നു സംഘാടകർ സമരക്കാരെ സംഘടിപ്പിച്ചത്.

70 കളിൽ ഹാരിസൺ മലയാളം ലിമിറ്റഡിൽ നിന്നും സർക്കാർ ഏറ്റെടുത്ത ഈ ഭൂമി ഭൂരഹിതർക്ക് നൽകണമെന്നാവശ്യപ്പെട്ട് നേരത്തെ സിപിഎം ഉൾപ്പെടെ സമരം നടത്തിയിരുന്നു. നേരത്തെ ഭൂമിക്കായി സമരം നടത്തിയവരും പ്രളയത്തിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരും സമത്തിലുണ്ട്. പിടിച്ചെടുത്ത ഭൂമിയിൽ ഇന്ന് മുതൽ കൃഷിയിറക്കാനാണ് സമരക്കാരുടെ തീരുമാനം. ഭൂപ്രശ്നം പരിഹരിക്കാത്ത സാഹചര്യത്തിൽ വോട്ടെടുപ്പ് ബഹിഷ്കരിക്കണമെന്ന ആഹ്വാനവും സംഘടന നൽകിയിട്ടുണ്ട്.

click me!