ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരംതാഴ്ത്തും

By Web TeamFirst Published Jan 22, 2020, 8:03 AM IST
Highlights

ഇത് ആദ്യമായാണ് സംസ്ഥാനത്ത് ഒരു ഉന്നത ഉദ്യോഗസ്ഥനെ തരം താഴ്ത്തുന്നത്. മെയ് 31 ന് വിരമിക്കാനിരിക്കെയാണ് നടപടി.

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരംതാഴ്ത്തും. നിരന്തരമായി ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തെന്ന് ആരോപിച്ചാണ് നടപടി. ഇത് സംബന്ധിച്ച നിര്‍ദ്ദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. ഇത് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായാണ് വിവരം. നിരന്തരം കേസുകളില്‍പ്പെടുന്നതും തരംതാഴ്ത്താന്‍ കാരണമായി. ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ചാണ് നടപടി.

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ഇത് ആദ്യമായാണ് സംസ്ഥാനത്ത് ഒരു ഉന്നത ഉദ്യോഗസ്ഥനെ തരം താഴ്ത്തുന്നത്. മെയ് 31 ന് സര്‍വ്വീസില്‍ വിരമിക്കാനിരിക്കെയാണ് നടപടി. ഐപിഎസ് ഉദ്യോഗസ്ഥനായതിനാൽ ഇതിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് നിർണായകമാകും. നടപടിക്രമങ്ങളുടെ ഭാഗമായി ജേക്കബ് തോമസിൽ നിന്ന് ഒരു തവണ കൂടി വിശദീകരണം തേടും. സംസ്ഥാന സർക്കാരിന്‍റെ നടപടി കേന്ദ്ര സർക്കാർ അംഗീകരിച്ചാലേ അന്തിമ തീരുമാനമുണ്ടാകൂ.

സര്‍ക്കാര്‍ അനുവാദമില്ലാതെ പുസ്തകം എഴുതിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് വകുപ്പുതല അന്വേഷണം നേരിടേണ്ടി വന്നത്. പുസ്തകം എഴുതിയത് ചട്ടലംഘനമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 1985 ബാച്ച് ഐപിഎസ് ഓഫീസറായ ജേക്കബ് തോമസ് ഇപ്പോള്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ എംഡിയാണ്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ജേക്കബ് തോമസ് 2017 മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് മെറ്റല്‍സ് ഇന്‍ഡസ്ട്രീസസ് ലിമിറ്റഡ് എംഡിയായി നിയമിച്ചത്. 

click me!