
തിരുവനന്തപുരം: കെ റെയില്‍ (K Rail) കല്ലിടല്‍ പ്രതിഷേധത്തെ മറികടക്കാന്‍ നിര്‍ണ്ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കാന്‍ തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കല്ലിടലുമായി ബന്ധപ്പെട്ട വൻ പ്രതിഷേധങ്ങൾക്കും കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കും സമരക്കാരും പൊലീസുമായുള്ള നിരന്തര സംഘര്‍ഷങ്ങൾക്കും പിന്നാലെയാണ് പുതിയ തീരുമാനം.
മഞ്ഞ കുറ്റിയിൽ കെ റെയിൽ എന്ന് രേഖപ്പെടുത്തി സിൽവര്‍ ലൈൻ കടന്ന് പോകുന്ന ഇടങ്ങളിൽ സ്ഥാപിക്കുന്ന രീതി ഇനി ഉണ്ടാകില്ല. പകരം ജിപിഎസ് ഉപയോഗിച്ചോ ജിപിഎസ് സംവിധാനമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചോ സര്‍വെ നടത്തും. ജിയോ ടാഗിംഗ് വഴി അതിരടയാളങ്ങൾ രേഖപ്പെടുത്തും. കേരള റെയിൽവെ ഡെവലപ്മെന്റ് കോര്‍പറേഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ് റവന്യു വകുപ്പിന്റെ ഉത്തരവ്. സ്ഥലം ഉടമയുടെ അനുമതിയോടെ കല്ലിടാമെന്നും കെട്ടിടങ്ങൾ മതിലുകൾ എന്നിവടങ്ങളിൽ അടയാളം ഇടാമെന്നും നിര്‍ദ്ദേശങ്ങളുയര്‍ന്നിരുന്നെങ്കിലും ഇനി ജിയോ ടാഗിംഗ് മാത്രം മതിയെന്നാണ് റവന്യു വകുപ്പിന്റെ ഉത്തരവ് വ്യക്തമാക്കുന്നത്.
കെ റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ സംഘര്‍ഷമുണ്ടായത് കണ്ണൂരിലാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നിന്ന് വരെ കടുത്ത എതിര്‍പ്പുയര്‍ന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. സിൽവര്‍ ലൈനിനെ അനുകൂലിച്ച് സര്‍ക്കാരിന് വേണ്ടി വാദിക്കാനെത്തുന്നവര്‍ പോലും കല്ലിട്ട് പ്രകോപനം ഉണ്ടാക്കുന്നതിനെ ന്യായീകരിക്കുന്നുമില്ല. തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കല്ലിടൽ നിര്‍ത്തിവച്ചതും വലിയ ചര്‍ച്ചയായി. ഇതിനിടക്കാണ് പുതിയ തീരുമാനം. എന്നാൽ കല്ലിടൽ മാത്രമാണ് നിര്‍ത്തിയിട്ടുള്ളതെന്നും സര്‍വെ നടപടികളുമായി കെ റെയിൽ മുന്നോട്ട് പോകുക തന്നെയാണെന്നും എംഡി അജിത് കുമാറിന്റെ പ്രതികരണം. 190 കിലോമീറ്ററിലാണ് സിൽവര്‍ ലൈൻ സര്‍വെ പൂര്‍ത്തിയായത്. ഇനി 340 കിലോമീറ്റര്‍ ബാക്കിയുണ്ട്. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസികൾ സര്‍വെക്ക് സഹായം നൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam