
തിരുവനന്തപുരം: ഒരോറ്റ വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ രാധമ്മ അന്തരിച്ചു. വെമ്പായം മദപുരം സ്വദേശിയായ രാധമ്മയ്ക്ക 91 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം. ബുധനാഴ്ച 1.30ടെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ വ്യാഴ്ച ചെറിയ ജോലികളൊക്കെ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് രാധമ്മയ്ക്ക് പെട്ടെന്ന് നെഞ്ച് വേദന വന്നത്. ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് അമ്മുമ്മയെ കന്യാകുളങ്ങരയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് ഇസിജിയിൽ വേരിയേഷൻ ഉണ്ടായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മൈൽഡ് അറ്റാക്കെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചത്. ഇതിനുള്ള ചികിത്സ നടന്നുകൊണ്ടിരിക്കെ സ്വന്തമായി ശ്വാസം എടുക്കുന്നതിന് രാധമ്മയ്ക്ക് ബുദ്ധിമുട്ട് ഉണ്ടായി. ഇതോടെ അവരെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നാലെ ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
'ഒരാഴ്ച്ച പ്രതീക്ഷയോടെ ICU ന്റെ മുന്നിൽ കാത്തിരുന്നു.. കരഞ്ഞിട്ടുണ്ട് തിരിച്ച് കിട്ടാൻ..ഒരുപാട് എഴുതാനുണ്ട്...ഇപ്പോൾ ഒന്നിനും പറ്റുന്നില്ല.അമ്മുമ്മ മരിച്ചു..'എന്നായിരുന്നു ചെറുമകൻ വിഷ്ണു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
വിഷ്ണുവിനൊപ്പമായിരുന്നു അമ്മുമ്മ വീഡിയോകൾ ചെയ്ത് വന്നിരുന്നത്. വിഷുവിന് ഇരുവരും ചേർന്നൊരുക്കിയ വീഡിയോ ആയിരുന്നു എല്ലാവരുടെയും പ്രിയപ്പെട്ട അമ്മുമ്മയാക്കി രാധമ്മയെ മാറ്റിയത്. അമ്മുമ്മയുടെ മരണ വാർത്ത അറിഞ്ഞ് നിരവധി പേരാണ് അനുശോചനവുമായി രംഗത്തെത്തുന്നത്.
ആർ. ഓമന അമ്മ, ആർ. വിജയമ്മ, പരേതനായ കെ. രാമചന്ദ്രൻ നായർ, ആർ. ഇന്ദിരാദേവി അമ്മ, കെ. രാമഭദ്രൻ നായർ എന്നിവരാണ് രാധമ്മയുടെ മക്കൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam