Kodiyeri|കോടിയേരിയുടെ സെക്രട്ടറി സ്ഥാനം? സംസ്ഥാനത്ത് തീരുമാനിക്കെന്ന് പിബി, അടുത്ത സെക്രട്ടേറിയേറ്റിൽ തീരുമാനം

Web Desk   | Asianet News
Published : Nov 14, 2021, 06:43 PM IST
Kodiyeri|കോടിയേരിയുടെ സെക്രട്ടറി സ്ഥാനം? സംസ്ഥാനത്ത് തീരുമാനിക്കെന്ന് പിബി, അടുത്ത സെക്രട്ടേറിയേറ്റിൽ തീരുമാനം

Synopsis

കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് മകൻ അറസ്റ്റിലായതിന് പിന്നാലെയാണ് കഴിഞ്ഞ വർഷം നവംബർ 11 നാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് താല്‍ക്കാലികമായി ഒഴിഞ്ഞത്

ദില്ലി: സിപിഎം കേരള സെക്രട്ടറി (CPM Kerala Secretary) സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ (kodiyeri balakrishnan) എപ്പോൾ മടങ്ങിയെത്തും? മകൻ ബിനിഷ് കോടിയേരി(Binish Kodiyeri) ജയിലിൽ നിന്ന് പുറത്തിറങ്ങിയതുമുതൽ കേരള സമൂഹത്തിൽ ഉയർന്ന ചോദ്യത്തിന് ഇനിയും തീരുമാനമായില്ല. കോടിയേരി സെക്രട്ടറി സ്ഥാനത്ത് മടങ്ങിയെത്തുന്ന കാര്യത്തിൽ സംസ്ഥാനത്ത് തീരുമാനമെടുത്താൽ മതിയെന്ന് പൊളിറ്റ്ബ്യൂറോ(Politburo) വ്യക്തമാക്കി. സംസ്ഥാനത്ത് തീരുമാനമെടുത്തശേഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചാല്‍ മതിയെന്നാണ് പി ബിയുടെ നിലപാട്.

കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് മകൻ അറസ്റ്റിലായതിന് പിന്നാലെയാണ് കഴിഞ്ഞ വർഷം നവംബർ 11 നാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് താല്‍ക്കാലികമായി ഒഴിഞ്ഞത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടികാട്ടിയായിരുന്നു മാറി നിന്നതെങ്കിലും മകന്‍റെ ജയിൽവാസവും തീരുമാനത്തിന് പിന്നിലുണ്ടായിരുന്നെന്ന് കോടിയേരി തന്നെ പിന്നീട് വെളിപ്പെടുത്തി. ഇടതുമുന്നണി കൺവീനറായ എ വിജയരാഘവന് സെക്രട്ടറിയുടെ അധിക ചുമതല നൽകിയാണ് സിപിഎം സാഹചര്യത്തെ നേരിട്ടത്. 

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതും ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതുമാണ് കോടിയേരിയുടെ തിരിച്ചുവരവിന് വഴിയൊരുക്കുന്നത്. സംസ്ഥാനത്ത് തന്നെ തീരുമാനമെടുത്തശേഷം അറിയിച്ചാല്‍ മതിയെന്ന് വ്യക്തമാക്കിയതോടെ കോടിയേരി വിഷയം പിബിയില്‍ വിശദമായി ചര്‍ച്ച ചെയ്തില്ല. സമ്മേളനം തിരഞ്ഞെടുത്ത സെക്രട്ടറി, സ്ഥാനത്ത് മടങ്ങിയെത്തുന്നതിൽ കേന്ദ്രനേതൃത്വത്തിന് എതിർപ്പൊന്നുമില്ലെന്ന് ഇതിലൂടെ വ്യക്തം. അടുത്ത സംസ്ഥാന സെക്രട്ടറിയേറ്റില്‍ കോടിയേരി ചുമതയേറ്റെടുത്തേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം രണ്ട് ദിവസമായി ചേർന്ന സിപിഎം പൊളിറ്റ്ബ്യൂറോ യോഗം ഇന്ന് അവസാനിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്‍റെ കരട് തയ്യാറാക്കുകായിരുന്നു പ്രധാന അജണ്ട. അടുത്ത മാസം പകുതിയോടെ ചേരുന്ന പിബി യോഗത്തിലും കരട് സംബന്ധിച്ച് ചർച്ച നടക്കും. ഇതിന് ശേഷമാകും കേന്ദ്ര കമ്മിറ്റിയോഗം ചേ‍രുക. ഏഴ് സംസ്ഥാനങ്ങളിൽ അടുത്തിടെ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പും യോഗത്തില്‍ ചർച്ച ആയി. അതത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം പരിശോധിച്ച് അടവുനയത്തിലും സഖ്യത്തിലും തീരുമാനമെടുക്കാന്‍ പിബി നിർദേശിച്ചു.

സംസ്ഥാനങ്ങളില്‍ തീരുമാനമെടുത്തശേഷം കേന്ദ്രതലത്തില്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടുണ്ട്. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ നിലപാട് മുന്‍നിര്‍ത്തിയാകും സഖ്യത്തിലടക്കം തീരുമാനമെടുക്കുക. കോണ്‍ഗ്രസുമായി ധാരണയാകാമെന്ന് മുൻ നിലപാടുള്ള സാഹചര്യത്തില്‍ സഖ്യകാര്യത്തില്‍ കേരള ഘടകത്തിന്‍റെ നിലപാട് നിര്‍ണായകമാകും. എക്സൈസ് തീരുവയില്‍ കേന്ദ്രസർക്കാര്‍ നാമമാത്രമായ കുറവാണ് വരുത്തിയതെന്നും പിബി വിമർശിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ഒരു ദിവസത്തെ പ്രതിഷേധത്തിനും പിബി ആഹ്വാനം ചെയ്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും
ഒരു പോസ്റ്റൽ ബാലറ്റിൽ ആര്‍ക്കും വോട്ടില്ല, ബിജെപി എൽഡിഎഫിനോട് തോറ്റത് ഒരു വോട്ടിന്, പൂമംഗലം പഞ്ചായത്തിൽ സൂപ്പര്‍ ക്ലൈമാക്സ്