സമരകാലത്തെ ഗ്രൂപ്പ് യുദ്ധം; നേതൃനിരയിലെ പോര് ബിജെപിക്ക് പ്രതിസന്ധിയാകുന്നു

By Web TeamFirst Published Sep 17, 2020, 9:08 AM IST
Highlights

ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളിലെല്ലാം പാര്‍ട്ടിയിലെ വി. മുരളീധരന്‍ പക്ഷം മാത്രമാണ് മുന്നിലുള്ളത്. എം.ടി. രമേശും, എ. എന്‍. രാധാകൃഷ്ണനും,ശോഭ സുരേന്ദ്രനും ഉള്‍പ്പടെയുള്ള കൃഷ്ണദാസ് പക്ഷത്തിന്‍റെ സമര രംഗത്തെ സാന്നിധ്യം പേരിനു മാത്രമാണ്. 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കുമ്പോഴും ബിജെപിക്ക് പ്രതിസന്ധിയായി നേതൃനിരയിലെ പോര്. സംസ്ഥാന പ്രസിഡന്‍റ്  കെ. സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളോട് മുഖം തിരിച്ചു നില്ക്കുതകയാണ് കൃഷ്ണദാസ് വിഭാഗം. അതേസമയം കുമ്മനവും ഒ. രാജഗോപാലും ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളെ ഒപ്പം നിര്‍ത്തിമറുപക്ഷത്തെ നേരിടുകയാണ് സുരേന്ദ്രന്‍.
 
മുഖ്യപ്രതിപക്ഷമെന്ന പ്രതീതി ജനങ്ങള്‍ക്ക് ഇടയില്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിനോട് മത്സരിക്കുകയാണ് സംസ്ഥാന ബിജെപി. നിരന്തരമായി സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളിലൂടെ യുഡിഎഫിനേക്കാള്‍ കൂടുതല്‍ സാന്നിധ്യം അറിയിച്ച് മുന്നേറുകയെന്ന തീരുമാനവുമായാണ് പാര്‍ട്ടി  അധ്യക്ഷന്‍ സുരേന്ദ്രനും കൂട്ടരും മുന്നോട്ടു പോകുന്നത്. കേരളത്തിന്റെ യഥാര്‍ത്ഥ പ്രതിപക്ഷ നേതാവ് എന്ന വിശേഷണത്തോടെയാണ് കെ.സുരേന്ദ്രനെ സംസ്ഥാനമെമ്പാടും അവതരിപ്പിക്കാനാണ് അദ്ദേഹത്തിന്‍റെ അണികള്‍ ശ്രമിക്കുന്നതും. 
 
ഇതിനിടയിലാണ് ഗ്രൂപ്പിസം പാര്‍ട്ടിയില്‍ വീണ്ടും പ്രശ്നം സൃഷ്ടിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളിലെല്ലാം പാര്‍ട്ടിയിലെ വി. മുരളീധരന്‍ പക്ഷം മാത്രമാണ് മുന്നിലുള്ളത്. എം.ടി. രമേശും, എ. എന്‍. രാധാകൃഷ്ണനും,ശോഭ സുരേന്ദ്രനും ഉള്‍പ്പടെയുള്ള കൃഷ്ണദാസ് പക്ഷത്തിന്‍റെ സമര രംഗത്തെ സാന്നിധ്യം പേരിനു മാത്രമാണ്. സുരേന്ദ്രനെ പാര്‍ട്ടി  അധ്യക്ഷനാക്കിയതില്‍ മാത്രമല്ല ,തുടര്‍ന്നുള്ള ഭാരവാഹി നിര്‍ണയത്തില്‍ സ്വന്തം പക്ഷത്തെ വെട്ടിനിരത്തിയെന്ന പരാതിയും ഇപ്പോഴും കൃഷ്ണദാസ് പക്ഷത്തിനുണ്ട്. 

സമരപരിപാടികളെ കുറിച്ചടക്കം കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്. സ്വര്‍ണ്ണ കളളക്കടത്തിനുപയോഗിച്ച ബാഗ് നയതന്ത്ര ബാഗേജല്ല എന്ന വി. മുരളീധരന്‍റെ പരാമര്‍ശത്തിലും മറുപക്ഷം അതൃപ്തരാണ്. ആര്‍എ്എസ് നേതൃത്വത്തിന്‍റെ പൂര്‍ണ്ണ പിന്തുണയും സുരേന്ദ്രന് കിട്ടുന്നില്ല. എന്നാല്‍ അതൃപ്തി പരിഹരിക്കാനുളള ശ്രമം ഇപ്പോഴും വി. മുരളീധരന്‍റെയോ കെ. സുരേന്ദ്രന്‍റെയോ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. 

മറിച്ച് കുമ്മനം രാജശേഖരനും, ഒ. രാജഗോപാലും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ ഒപ്പം നിര്‍ത്തി  മറുപക്ഷത്തിന്‍റെ  നീക്കങ്ങളെ മറികടക്കാനാണ് സുരേന്ദ്രനും കൂട്ടരും ശ്രമിക്കുന്നത്. സംസ്ഥാന പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെ കുറിച്ചുളള ഒന്നിലേറെ പരാതികള്‍ മുന്നിലെത്തിയെങ്കിലും പ്രശ്ന പരിഹാരത്തിന് പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇനിയും ഇടപെട്ടിട്ടുമില്ല. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് പാര്‍ട്ടിക്ക് മൈലേജുണ്ടാക്കുന്ന സമരപരിപാടികളില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടു നില്‍ക്കുന്നതും ഗ്രൂപ്പ് പോരും ബിജെപിക്ക് തലവേദനയാകുകയാണ്.

click me!