ഗുരുവായൂർ ക്ഷേത്രം നാളെ മുതൽ അടക്കും, തൃശ്ശൂരിൽ ഇന്ന് 14 പേർക്ക് കൊവിഡ്, അതീവജാഗ്രത

By Web TeamFirst Published Jun 12, 2020, 6:01 PM IST
Highlights

മന്ത്രി എ സി മൊയ്ദീന്‍റെ നേതൃത്വത്തിൽ തൃശ്ശൂരിലെ സ്ഥിതി വിലയിരുത്താൻ യോഗം ചേർന്നിരുന്നു. തൃശ്ശൂരിൽ സമ്പൂർണലോക്ക്ഡൗൺ വേണമെന്ന് ടി എൻ പ്രതാപൻ എംപി ആവശ്യപ്പെട്ടെങ്കിലും അത് തൽക്കാലമില്ലെന്നാണ് സർക്കാർ നിലപാട്.

തിരുവനന്തപുരം/ തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രം അടച്ചിടാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു. തൃശ്ശൂരിൽ രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ നിരവധി പേർ ഒത്തുകൂടുന്ന ഇടമായ ഗുരുവായൂർ തുറക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് ദേവസ്വം മന്ത്രി ഗുരുവായൂർ ക്ഷേത്രം അടച്ചിടാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. 

എന്നാൽ ക്ഷേത്രത്തിലെ നിത്യപൂജ അടക്കമുള്ള ചടങ്ങുകൾ സാമൂഹിക അകലം പാലിച്ച് സുരക്ഷയോടെ തുടരും. നാളെ നിശ്ചയിച്ച വിവാഹങ്ങൾ മാത്രം നടത്താം. ചോറൂൺ ഉൾപ്പടെയുള്ള മറ്റ് ചടങ്ങുകൾ നേരത്തേതന്നെ പാടില്ലെന്ന് നിർദേശിച്ചിരുന്നു. നിരവധിപ്പേർ ഗുരുവായൂരിൽ പുതുതായി വിവാഹം നടത്താനും മറ്റും റജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണ് ക്ഷേത്രം അടച്ചിടുന്നതാണ് സുരക്ഷിതമെന്ന് സർക്കാർ തീരുമാനിച്ചത്. 

ഇന്ന് 14 പേർക്കാണ് തൃശ്ശൂരിൽ രോഗം പുതുതായി സ്ഥിരീകരിച്ചത്. ഇന്ന് ആകെ 78 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ തൃശ്ശൂരിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 157 ആയി.

അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചാലക്കുടി സ്വദേശിയായ (53, സ്ത്രീ) ആരോഗ്യ പ്രവർത്തക, 008.06 2020 ന് ചെന്നെയിൽ നിന്നും വന്ന ഒരു കുടുംബത്തിൽ പെട്ട എസ്.എൻ പുരം സ്വദേശികളായ ( 24 വയസ്സ്, സ്ത്രീ,67 വയസ്സ്, പുരുഷൻ), എന്നിവർ 02.06.2020 ന് ഹൈദരാബാദിൽ നിന്നും വന്ന മൈലിപ്പാടം സ്വദേശി (27 വയസ്സ്, പുരുഷൻ), 05.06.2020-ന് ഖത്തറിൽ നിന്നും വന്ന കണ്ടാണശ്ശേരി സ്വദേശി (38 വയസ്സ്, പുരുഷൻ), കരുവന്നൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (48 വയസ്സ്, പുരുഷൻ), 26.05.2020-ന് ദുബായിൽ നിന്നും വന്ന (42 വയസ്സ്, പുരുഷൻ), മാടായിക്കോണം സ്വദേശിയായ ആരോഗ്യ പ്രവർത്തക (47 വയസ്സ്, സ്ത്രീ), ഡൽഹിയിൽ നിന്നും വന്ന ഒരു കുടുംബത്തിൽ പെട്ട കൊടുങ്ങല്ലൂർ സ്വദേശികളായ (24 വയസ്സ്, സ്ത്രീ, 28 വയസ്സ്, പുരുഷൻ), ചാവക്കാട് സ്വദേശിയായ ആരോഗ്യ പ്രവർത്തക (31 വയസ്സ്, സ്ത്രീ) അരിമ്പൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തക (36 വയസ്സ്, സ്ത്രീ), ചാവക്കാട് സ്വദേശി (65 വയസ്സ്, സ്ത്രീ), ഗുരുവായൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തക (48 വയസ്സ്, സ്ത്രീ) എന്നിവരടക്കം 14 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് . ഇത് വരെ ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 218 ആയി.

മന്ത്രി എ സി മൊയ്ദീന്‍റെ നേതൃത്വത്തിൽ തൃശ്ശൂരിലെ സ്ഥിതി വിലയിരുത്താൻ യോഗം ചേർന്നിരുന്നു. തൃശ്ശൂരിൽ സമ്പൂർണലോക്ക്ഡൗൺ വേണമെന്ന് ടി എൻ പ്രതാപൻ എംപി ആവശ്യപ്പെട്ടെങ്കിലും അത് തൽക്കാലമില്ലെന്നാണ് സർക്കാർ നിലപാട്.

തൃശ്ശൂരിലെ ഇപ്പോഴത്തെ കൊവിഡ് സാഹചര്യം അപ്രതീക്ഷിതമല്ലെന്ന് മന്ത്രി എ സി മൊയ്‍ദീൻ യോഗശേഷം വ്യക്തമാക്കിയത്. നിലവില്‍ അപകടകരമായ സാഹചര്യമില്ല. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗവ്യാപനം ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. ക്വാറന്‍റീന്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാവും. വരുന്ന ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തൃശ്ശൂരിലെ മാര്‍ക്കറ്റുകള്‍ അണുനശീകരണത്തിനായി അടച്ചിടും. രണ്ടുദിവസം കച്ചവടം ഉണ്ടാകില്ലാത്തതിനാല്‍ അവശ്യമുള്ള വസ്തുക്കള്‍ നേരത്തെ വാങ്ങിക്കാന്‍ ശ്രദ്ധിക്കണം. ജില്ലയാകെ അടച്ചിടില്ല എന്നാല്‍ കൂടുതല്‍ ജാഗ്രതയുണ്ടാവണമെന്നാണ് നിര്‍ദേശം. 

ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 25 ഓളം കേസുകൾ ആണുള്ളത്. കൊവിഡ് ബാധിച്ച് മരിച്ച ഏങ്ങണ്ടിയൂർ സ്വദേശി കുമാരന് രോഗം എങ്ങനെ പിടിപെട്ടു എന്ന് ഇനിയും വ്യക്തമല്ല. കുറിയച്ചിറ വെയർ ഹൗസിലെ നാല് തൊഴിലാളികള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നും വന്നവരിൽ നിന്നാണ് രോഗം പിടിപെട്ടത് എന്നാണ് കരുതുന്നത്. 

മുന്‍കരുതലിന്‍റെ ഭാഗമായി വെയർഹൗസ് അടച്ചു. തൃശ്ശൂർ നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ക്വാറന്‍റീന്‍ കേന്ദ്രങ്ങൾ വൃത്തിയാക്കിയതിലൂടെ ആണ് രോഗം പിടിപെട്ടിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. ഇതിനെ തുടർന്ന് നഗരസഭ ഓഫീസുകളിൽ കർശന നിയന്ത്രണം നടപ്പിലാക്കി തുടങ്ങി. വടക്കേക്കാടും ചവക്കാടും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചത് ജില്ലാ ഭരണകൂടത്തെ കുഴക്കുന്നുണ്ട്.

click me!