Guruvayur Thar Auction : ഗുരുവായൂരപ്പന്റെ ഥാര്‍ അമലിന് ലഭിക്കുമോ?, തീരുമാനം ഇന്നറിയാം

Published : Dec 21, 2021, 06:49 AM ISTUpdated : Dec 21, 2021, 07:18 AM IST
Guruvayur Thar Auction : ഗുരുവായൂരപ്പന്റെ ഥാര്‍ അമലിന് ലഭിക്കുമോ?, തീരുമാനം ഇന്നറിയാം

Synopsis

അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്. എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് അലി പതിനായിരം രൂപ കൂട്ടി വിളിച്ചാണ്'ഥാര്‍' സ്വന്തമാക്കിയത്. ഈ മാസം നാലാം തിയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എസ്യുവി ഥാര്‍ ലഭിച്ചത്.  

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന് (Guruvayur Temple) വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാര്‍ (Mahindra Thar) ലേലം ഉറപ്പിക്കുന്ന കാര്യത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ തീരുമാനം ഇന്നുണ്ടാകും. രാവിലെ 10 മണിക്ക് ചേരുന്ന ഭരണസമിതി യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസിന്റെ അധ്യക്ഷതയിലാണ് യോഗം. ശനിയാഴ്ച്ച നടന്ന ലേലത്തില്‍ എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദ് അലി മാത്രമാണ് പങ്കെടുത്തത്. അമല്‍ 15 ലക്ഷത്തി പതിനായിരം രൂപക്ക് ലേലം ഉറപ്പിച്ചെങ്കിലും ലേല കാര്യത്തില്‍ പുനര്‍ചിന്ത വേണം എന്ന ചെയര്‍മാന്റെ നിലപാടാണ് വിവാദമായത്. ലേലത്തില്‍ നിന്നും പിന്മാറിയാല്‍ നിയമ നടപടി സ്വീകരിക്കും എന്നാണ് അമലിന്റെ നിലപാട്. 

അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്. എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് അലി പതിനായിരം രൂപ കൂട്ടി വിളിച്ചാണ്'ഥാര്‍' സ്വന്തമാക്കിയത്. ഈ മാസം നാലാം തിയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എസ്യുവി ഥാര്‍ ലഭിച്ചത്. വാഹന വിപണിയില്‍ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാര്‍ ഫോര്‍ വീല്‍ ഡ്രൈവ് മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡാണ് നാലാം തിയതി രാവിലെ നടയ്ക്കല്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്. ആരെയും ആകര്‍ഷിക്കുന്ന നിറമായതിനാല്‍ വിപണിയില്‍ നല്ല ഡിമാന്റുള്ള എസ്യുവിയാണ്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എന്‍ജിന്‍.

ഗുരുവായൂര്‍ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ കെബി മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബല്‍ പ്രോഡക്ട് ഡവലപ്‌മെന്റ് ആര്‍ വേലുസ്വാമി കൈമാറുകയായിരുന്നു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയര്‍മാന്‍ ജോസ് സാംസണ്‍, കേരള കസ്റ്റമര്‍ കെയര്‍ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയില്‍സ് മാനേജര്‍ ജഗന്‍കുമാര്‍ ഡിഎച്ച്, ക്ഷേത്രം ഡിഎ പി മനോജ് കുമാര്‍, ക്ഷേത്രം മാനേജര്‍ എകെ രാധാകൃഷ്ണന്‍, അസിസ്റ്റന്റ് മാനേജര്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

2020 ഒക്ടോബര്‍ രണ്ടിനാണ് രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്‌യുവിയെ വിപണിയില്‍ അവതരിപ്പിച്ചത്. എത്തി ഒരുവര്‍ഷത്തിനിടെ വിപണിയില്‍ കുതിക്കുകയാണ് ഥാര്‍. വാഹനം ഇതുവരെ ബുക്ക് ചെയ്ത ഉപഭോക്താക്കളില്‍ 40 ശതമാനം പേരും മിലേനിയല്‍സ് (1981നും 1996നും ഇടയില്‍ ജനിച്ചവര്‍) ആണെന്നാണ് മഹീന്ദ്ര വ്യക്തമാക്കുന്നു. ഇത് വരെ ഥാര്‍ ബുക്ക് ചെയ്തവരില്‍ 50 ശതമാനം പേര്‍ ഓട്ടോമാറ്റിക് വേരിയന്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല 25 ശതമാനത്തോളം പേര്‍ തിരഞ്ഞെടുത്തിരിക്കുന്നത് പെട്രോള്‍ വേരിയന്റുകളാണെന്നും കമ്പനി പറയുന്നു.

2020ല്‍ നിരത്തില്‍ എത്തിയതിനു ശേഷം പുതിയ മഹീന്ദ്ര ഥാറിനെ തേടി 19 ലധികം അവാര്‍ഡുകളും എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ഫോര്‍ വീല്‍ ഡ്രൈവ് വാഹനവും മഹീന്ദ്ര ഥാര്‍ ആണ്. ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങും മഹീന്ദ്ര ഥാര്‍ നേടിയിട്ടുണ്ട്. ഞ െ12.78 ലക്ഷം മുതല്‍ 15.08 ലക്ഷം വരെയാണ് 2021 മഹീന്ദ്ര ഥാറിന്റെ നിലവിലെ എക്സ്-ഷോറൂം വില. 2020 ഓഗസ്റ്റ് 15നാണ് പുത്തന്‍ ഥാറിനെ മഹീന്ദ്ര അവതരിപ്പിച്ചത്. പിന്നാലെ ഒക്ടോബര്‍ രണ്ടിന് രണ്ടാം തലമുറ ഥാറിന്റെ വില്പന ആരംഭിക്കുകയും ചെയ്തു. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്‌സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.

ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം. എന്നാല്‍ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഥാര്‍ പ്രേമികളെ മാത്രമല്ല, സമകാലിക എസ്യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകര്‍ഷിക്കുന്നതാണു പുതിയ മോഡല്‍ എന്നതാണ് ശ്രദ്ധേയം.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
അനന്തപുരിയിൽ ഇനി സിനിമാക്കാലം; ഐഎഫ്എഫ്കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും, മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും