ഒരു രൂപ പോലും സിഎസ്ആർ ഫണ്ടായി കിട്ടിയില്ലെന്ന് അനന്തു; നടന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്

Published : Feb 11, 2025, 10:48 AM ISTUpdated : Feb 11, 2025, 10:53 AM IST
ഒരു രൂപ പോലും സിഎസ്ആർ ഫണ്ടായി കിട്ടിയില്ലെന്ന് അനന്തു; നടന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്

Synopsis

ഒരു രൂപ പോലും സിഎസ്ആർ ഫണ്ട് ഇനത്തിൽ കിട്ടിയിട്ടില്ലെന്ന് പാതിവില തട്ടിപ്പ് കേസിലെ പ്രതിയായ അനന്തുകൃഷ്ണൻ സമ്മതിച്ചതായി പൊലീസ്. ആനന്ദകുമാറിന്‍റെ ആസൂത്രണത്തിൽ നടന്നതാണ് തട്ടിപ്പ് എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംസ്ഥാനത്തെ വലിയ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്ന് പൊലീസ്.

തൊടുപുഴ: പാതിവില തട്ടിപ്പ് കേസിലെ പ്രതിയായ പ്രതി അനന്തുകൃഷ്ണന്‍റെ കുറ്റസമ്മത മൊഴിയുടെ കൂടുതൽ വിശദാംശങ്ങള്‍ പുറത്ത്. സമാഹരിച്ച പണം മുഴുവൻ ആദ്യഘട്ടത്തിൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ ഉപയോഗിച്ചുവെന്നാണ് അനന്തു മൊഴി നൽകിയത്. ബാക്കി വന്ന തുക ഭൂമിയും വാഹനങ്ങളും വാങ്ങാൻ വിനിയോഗിച്ചുവെന്നും മൊഴി നൽകി. ജനപ്രതിനിധികളുടെയടക്കം പങ്ക് അന്വേഷിക്കണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

എറണാകുളത്തെയും ഇടുക്കിയിലെയും രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതായി അനന്തു പൊലീസിനോട് സമ്മതിച്ചു. നിലവിൽ പ്രചരിക്കുന്ന പല പേരുകളും അനന്തുവിന്‍റെ മൊഴിയിലില്ല. ഇക്കാര്യത്തിൽ വ്യക്തമായ അന്വേഷണം വേണമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ലാലി വിൻസെന്‍റിന് കൈമാറിയ പണത്തിലും പൊലീസിന് സംശയമുണ്ട്. നിയമോപദേശത്തിന് ഇത്രയും വലിയ തുക നൽകുമോ എന്നതും അന്വേഷിക്കണമെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.

കേസിലെ പ്രതിയായ ആനന്ദകുമാറിന്‍റെ ആസൂത്രണത്തിൽ നടന്നതാണ് തട്ടിപ്പെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഒരു രൂപ പോലും സിഎസ്ആർ ഫണ്ട് ഇനത്തിൽ കിട്ടിയിട്ടില്ലെന്ന് അനന്തു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് ആനന്ദകുമാറിന്‍റെ ആസൂത്രണം പൊലീസ് സംശയിക്കുന്നത്. സംസ്ഥാനത്തെ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ പറയുന്നത്. അനന്തുവിന്‍റെ ഉന്നത രാഷ്ട്രീയ സാമൂഹ്യ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും പൊലീസ് വ്യക്തമാക്കുന്നു.

പണം നൽകിയ കോര്‍ഡിനേറ്റര്‍മാര്‍ക്കും സ്കൂട്ടര്‍ കിട്ടിയില്ല

അനന്തുകൃഷ്ണൻ കബളിപ്പിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കോട്ടയത്ത് തട്ടിപ്പിനിരയായ സീഡ് സൊസൈറ്റി കോർഡിനേറ്റർമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആറ് മാസം മുമ്പ് വരെ ഗുണഭോക്താക്കൾക്ക് ഉത്പന്നങ്ങൾ കൈമാറിയിരുന്നു. ഇതിലൂടെയാണ് ആളുകളുടെ വിശ്വാസീയത നേടിയത്.പഴം-പച്ചക്കറി സംസ്കരണ യൂണിറ്റെന്ന് പറഞ്ഞാണ് ആദ്യം തുടങ്ങിയത്. കൂൺ കൃഷിയും ഭക്ഷ്യകിറ്റുകളുമായിരുന്നു ആദ്യഘട്ടത്തിൽ നൽകിയത്.

ഒന്നരകോടിയിലധികം രൂപയുടെ സാധനങ്ങൾ കാഞ്ഞിരപ്പള്ളിയിൽ മാത്രം നൽകി. കോർഡിനേറ്റർമാരാണ് എംഎൽഎമാരയും എംപിമാരെയും പരിപാടികളിലേക്ക് വിളിച്ചത്. അനന്തുകൃഷ്ണന്‍റെ നിർദേശപ്രകാരമാണ് ജനപ്രതിനിധികളെ വിളിച്ചത്. കോർഡിനേറ്റർമാരെയും പണം വാങ്ങി കബളിപ്പിച്ചു. പണം നൽകിയ കോർഡിനേറ്റർമാർക്കും സ്കൂട്ടർ കിട്ടിയില്ല. കോർഡിനേറ്ററായി ജോലി ചെയ്തതിന്‍റെ പണവും നൽകിയില്ലെന്നും കോര്‍ഡിനേറ്റര്‍മാര്‍ ആരോപിച്ചു. ഭൂരിഭാഗം കോർഡിനേറ്ററുമാരും പഞ്ചായത്ത്-നഗരസഭ അംഗങ്ങളാണ്.

ആനന്ദകുമാറിനെതിരെ സീഡ് കോഓര്‍ഡിനേറ്റര്‍മാര്‍

പാതിവിലത്തട്ടിപ്പിൽ എന്‍ജിഓ കോണ്‍ഫെഡറേഷന് ചെയർമാൻ കെ എന്‍ ആനന്ദകുമാറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി തിരുവനന്തപുരം ചിറയൻകീഴിലെ തട്ടിപ്പിനിരയായ സീഡ്  കോഓര്‍ഡിനേറ്റര്‍മാരായ സ്ത്രീകൾ രംഗത്തെത്തി. തട്ടിപ്പിൽ പങ്കില്ലെന്ന ആനന്ദകുമാറിന്‍റെ വാദം കള്ളമാണെന്നും ആനന്ദകുമാറും അനന്തുകൃഷ്ണനും തങ്ങളെ സായിഗ്രാമത്തിൽ കൊണ്ടുപോയിരുന്നുവെന്നും സീഡ് കോഓര്‍ഡിനേറ്റര്‍മാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവിടെ വെച്ച് പദ്ധതിയെകുറിച്ച് വിശദീകരിച്ചു. ആദ്യഘട്ടത്തിലെ ഗുണഭോക്താക്കള്‍ക്ക് ഒരു റിട്ട. ജഡ്ജിയും ആനന്ദകുമാറും ഉല്‍പ്പന്നങ്ങൾ വിതരണം ചെയ്തതോടെയാണ് വിശ്വാസം വര്‍ധിച്ചത്. തട്ടിപ്പിൽ അനന്തുകൃഷ്ണന്‍റെ സഹോദരി ഐശ്വര്യ കൃഷ്ണക്കും സഹോദരി ഭര്‍ത്താവ് അഖിലിനും പങ്കുണ്ട്. ബന്ധുക്കള്‍ ഉള്‍പ്പെടെ 14 പേരെ പ്രതി ചേര്‍ത്ത് തട്ടിപ്പിനിരയായ സ്ത്രീകള്‍ ചിറയിന്‍കീഴ് പൊലീസിൽ പരാതി നല്‍കി.

പാതി വില തട്ടിപ്പിൽ കൂടുതൽ കേസ്; ആനന്ദകുമാറിനെ വിശ്വസിച്ചാണ് പണം നൽകിയതെന്ന് സീഡ് സൊസൈറ്റി അംഗങ്ങൾ

 

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും