താലിബാന്‍ ആശയക്കാര്‍ കേരളത്തിലുമുണ്ടെന്ന് ഹമീദ് ചേന്ദമംഗലൂര്‍

By Web TeamFirst Published Sep 2, 2021, 8:57 PM IST
Highlights

''കേരളത്തില്‍ ഇന്നുള്ളത് ബുദ്ധിജീവികളല്ല മറിച്ച് സാമര്‍ഥ്യജീവികളാണ്്. താലിബാനിസത്തിനെതിരെ ശബ്ദിക്കാന്‍ അവര്‍ തയാറാവുന്നില്ല. ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാവുമെന്ന് ഭയക്കുന്നവരാണ് കേരളത്തിലെ ബുദ്ധിജീവികള്‍''.
 

കോഴിക്കോട്: കേരളത്തിലും താലിബാന്‍ മനസ്സുള്ളവരുണ്ടെന്നും താലിബാനിസത്തേയും ജിഹാദിസത്തേയും പിന്തുടരുന്നവര്‍ ഏഴാം നൂറ്റാണ്ടിലെ ഇസ്ലാമിക കാലത്തെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണെന്നും പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍. ബിജെപി കോഴിക്കോട് ജില്ലാ സമിതി സംഘടിപ്പിച്ച 'താലിബാനിസം വിസ്മയമോ''എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിസ്മയം പോലെ താലിബാനെന്ന് 1996ലും അഫ്ഗാന്‍ സ്വതന്ത്രമെന്ന് ഇപ്പോഴും ഒന്നാം പേജില്‍ തലക്കെട്ട് നിരത്തിയ മാധ്യമം പത്രം ഇതിന്റെ തെളിവാണ്. ജമാത്തെ ഇസ്ലാമിയുടെ മുഖപത്രം എന്ന നിലയിലുള്ള മാധ്യമം പത്രത്തിന്റെ നിലപാട് താലിബാന്‍ നല്ലതാണെന്ന ആശയമാണ് മുന്നോട്ട് വെക്കുന്നത്. ജെയ്‌ഷേ മുഹമ്മദും ലഷ്‌കര്‍ ഇ ത്വയിബയും അല്‍ഖ്വെയ്ദയുമൊക്കെ ഇതേ ആശയത്തേയാണ് പ്രതിനിധീകരിക്കുന്നത്. ലോകത്ത് മുഴവന്‍ ഇസ്ലാം മതം സ്ഥാപിക്കലാണ് മുസ്ലീം മതമൗലികവാദികളുടെ ലക്ഷ്യം. ഇത്തരം ആശയക്കാര്‍ ഇന്ന് കേരളത്തിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തില്‍ ഇന്നുള്ളത് ബുദ്ധിജീവികളല്ല മറിച്ച് സാമര്‍ഥ്യജീവികളാണ്്. താലിബാനിസത്തിനെതിരെ ശബ്ദിക്കാന്‍ അവര്‍ തയാറാവുന്നില്ല. ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാവുമെന്ന് ഭയക്കുന്നവരാണ് കേരളത്തിലെ ബുദ്ധിജീവികള്‍. കല്‍ബുര്‍ഗിയും പന്‍സാരയും ഗൗരി ലങ്കേഷും കൊല്ലപ്പെട്ടപ്പോള്‍ രംഗത്തു വന്നവര്‍ താലിബാന്‍കാര്‍ ഹാസ്യനടനെ അടിച്ചു കൊന്നപ്പോഴും നാടോടി ഗായകനെ വെടിവെച്ചുകൊന്നപ്പോഴും പ്രതികരിക്കുന്നില്ല. 1993 ല്‍ ചേകനൂര്‍ മൗലവിയെ കൊലചെയ്തപ്പോഴും കോയമ്പത്തൂരില്‍ എച്ച് ഫറൂഖിനെ വധിച്ചപ്പോഴും മലാലാ യൂസഫ് എന്ന പെണ്‍കുട്ടി വേട്ടയാടപ്പെട്ടപ്പോഴും ഇവര്‍ നിശ്ശബ്ദരായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.  

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. റിട്ട. ജില്ല ജഡ്ജി പി.എന്‍. ശാന്തകുമാരി, കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ അധ്യക്ഷത വഹിച്ചു. എം. മോഹനന്‍, ടി. ബാലസോമന്‍, ടി. റിനീഷ്, അഡ്വ. രമ്യാ മുരളി എന്നിവര്‍ സംസാരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 


 

click me!