'കേരള വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികൾക്ക് തുടക്കം, സന്തോഷമുള്ള ദിവസം'; മുഖ്യമന്ത്രി പിണറായി വിജയൻ

Published : Apr 25, 2023, 12:19 PM ISTUpdated : Apr 25, 2023, 04:44 PM IST
'കേരള വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികൾക്ക് തുടക്കം, സന്തോഷമുള്ള ദിവസം'; മുഖ്യമന്ത്രി പിണറായി വിജയൻ

Synopsis

തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

തിരുവനന്തപുരം: പൂർത്തിയാക്കിയ പദ്ധതികൾ ഇന്ന് രാജ്യത്തിന് സമർപ്പിക്കുകയാണ്. ഇതിനായി ആദരണീയനായ പ്രധാനമന്ത്രി എത്തിച്ചേർന്നതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. അതിന്റെ ഭാ​ഗമായി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റേയും ​ഗവേഷണത്തിന്റേയും ഹബ്ബായി മാറ്റുകയാണ്. ശാസ്ത്ര സാങ്കേതിക-വിവരസങ്കേതിക രം​ഗങ്ങളിലെല്ലാം നൂതന വൈദ​ഗ്ധ്യമുള്ള സ്ഥാപനങ്ങൾക്ക് കേരളത്തിൽ തുടക്കം കുറിക്കുകയുമാണ്. അത്തരത്തിലുള്ള ഒന്നാണ് ഇന്നിവിടെ ശിലാസ്ഥാപനം ചെയ്യപ്പെടുന്ന ഡിജിറ്റൽ സയൻസ് പാർക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ മള്‍ട്ടി ഡിസിപ്ലിനറി ഇന്നവേഷന്‍ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമായാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനെ വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ടെക്നോപാര്‍ക്കും ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും യാഥാര്‍ത്ഥ്യമാക്കിയ കേരളത്തില്‍ തന്നെയാണ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും സ്ഥാപിതമാവുന്നത് എന്നതില്‍ നാടിനാകെ അഭിമാനിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ മുന്‍കൈയ്യിലുള്ള ഈ സ്ഥാപനം കേരളത്തിന് മാത്രമല്ല, ഇന്ത്യയ്ക്കാകെ അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്റെ നാലാം ഘട്ടമായ ടെക്നോസിറ്റിയിലുള്ള കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്‍ഡ് ടെക്നോളജിയോട് ചേര്‍ന്നു തന്നെയാണ് 1,500 കോടി രൂപ മുതല്‍മുടക്കില്‍ 13.93 ഏക്കറിലായി നമ്മുടെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാവുന്നത്. ഇതിനുള്ള പ്രാരംഭ മുതല്‍മുടക്ക് എന്ന നിലയില്‍ 2022-23 ലെ ബജറ്റില്‍ കേരള സര്‍ക്കാര്‍ 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍ഡസ്ട്രി, ഡിജിറ്റല്‍ ആപ്ലിക്കേഷന്‍സ്, ഡിജിറ്റല്‍ ഓണ്‍ട്രപ്രണുവര്‍ഷിപ്പ്, ഡിജിറ്റല്‍ ഡീപ് ടെക്ക് എന്നീ മേഖലകളിലായിരിക്കും ഈ പാര്‍ക്ക് ഊന്നുന്നത്.

ഉന്നത വിദ്യാഭ്യാസ, ഗവേഷണ, വ്യവസായ സ്ഥാപനങ്ങള്‍ ഈ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. അവയ്ക്കൊക്ക ഇതിന്റെ ഗുണഫലങ്ങള്‍ ലഭ്യമാകുകയും ചെയ്യും. ഇതിന്റെ വികസനവുമായി ബന്ധപ്പെട്ട് മാന്‍ചെസ്റ്റര്‍, ഓക്‌സ്ഫഡ്, എഡിന്‍ബറ എന്നീ വിദേശ സര്‍വ്വകലാശാലകള്‍ ഇതിനോടകം തന്നെ കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുമായി ധാരണാ പത്രങ്ങളില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതില്‍ നിന്നുതന്നെ ഈ പാര്‍ക്ക് രാജ്യത്തിന്റെയാകെ ഭാവിക്ക് മുതല്‍ക്കൂട്ടാകും എന്നത് വ്യക്തമാണ്.

ഏതൊരു ആധുനിക സമൂഹത്തിനും ഒഴിച്ചുകൂടാനാവാത്തതാണ് വേഗതയേറിയതും സൗകര്യപ്രദവുമായ പൊതുഗതാഗത സംവിധാനങ്ങള്‍. കേരളത്തെ പോലെ അതിവേഗം നഗരവല്‍ക്കരിക്കപ്പെടുന്ന ഒരു സംസ്ഥാനത്തിനാകട്ടെ മെച്ചപ്പെട്ട നഗരഗതാഗത സംവിധാനങ്ങള്‍ കൂടിയേ തീരൂ. ആ നിലയ്ക്ക് മാതൃകാപരമായ ഒരു പദ്ധതിയാണ് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കപ്പെടുന്നത്, കൊച്ചി വാട്ടര്‍ മെട്രോ. ഇത് രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോ സംവിധാനമാണ്. മാത്രമല്ല, ഈ വലിപ്പത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനവുമാണിത്.

കേരള സര്‍ക്കാരിന്റെ നിക്ഷേപവും ജര്‍മ്മന്‍ ഫണ്ടിങ് ഏജന്‍സിയായ കെ എഫ് ഡബ്യുവിന്റെ വായ്പയും ഉള്‍പ്പെടെ 1,136.83 കോടി രൂപ ചിലവു ചെയ്താണ് കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഇതിലൂടെ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു നൂതന പൊതുഗതാഗത സംവിധാനം സാധാരണക്കാരായ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭ്യമാകും. ഗതാഗത വിനോദസഞ്ചാര മേഖലകള്‍ക്ക് മുതല്‍ക്കൂട്ടാകുന്ന ഈ പദ്ധതി കൊച്ചി നഗരത്തിലെ റോഡുകളിലെ തിരക്കും കൊച്ചിയുടെ കാര്‍ബണ്‍ ബഹിര്‍ഗമനവും കുറയ്ക്കും. ആ നിലയ്ക്ക് കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് കൊച്ചി വാട്ടര്‍ മെട്രോ വലിയ ഊര്‍ജ്ജമാണ്  പകരുന്നത്. 

പൂര്‍ണ്ണമായും കേരള സര്‍ക്കാരിന്റെ മുന്‍കൈയ്യിലുള്ള ഇത്ര പരിസ്ഥിതി സൗഹൃദമായ ഈ ജലഗതാഗത സംവിധാനം ഇന്ത്യയിലെ മറ്റ് 40 നഗരങ്ങളിലെങ്കിലും ഉപയോഗപ്പെടുത്താന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളില്‍ രാജ്യത്തിനാകെ മാതൃകയായിട്ടുള്ള കേരളം നഗരജലഗതാഗതത്തിലും രാജ്യത്തിനു മാതൃകയാകാന്‍ പോവുകയാണ്.

ഇതൊക്കെ ചെയ്യുമ്പോള്‍ തന്നെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ അനുഭവിക്കാത്തവരായി സമൂഹത്തില്‍ ആരുംതന്നെ ഉണ്ടാകുന്നില്ല എന്നുറപ്പുവരുത്തിക്കൊണ്ടു കൂടിയാണ് സംസ്ഥാന  സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി. അതുമായി ബന്ധപ്പെട്ട രണ്ട് പരിപാടികള്‍ പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ചത് ഇന്നലെയാണ്. ഇന്നാകട്ടെ, പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 
 

PREV
Read more Articles on
click me!

Recommended Stories

കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രം; പരിഹസിച്ച് ഖുശ്ബു
ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന് ഉദ്യോ​ഗസ്ഥരോട്, ദോശയും ചമ്മന്തിയും വാങ്ങി നൽകി; നിരാഹാര സമരം അവസാനിപ്പിച്ചു