മാണി സാറിന് ആദരം; പാലായിൽ വ്യാഴാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് വ്യാപാരികൾ

By Web TeamFirst Published Apr 10, 2019, 10:07 AM IST
Highlights

ഇന്നലെ ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പത്തര മുതല്‍ കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ നിന്നും വിലാപയാത്രയായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് കൊണ്ടു വരും

പാലാ:അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയ്ക്ക് ആദര സൂചകമായി വ്യാഴാഴ്ച പാലായിൽ വ്യാപാരികൾ കടകൾ അടച്ച് ഹർത്താൽ ആചരിയ്ക്കും. ഇന്നലെ ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പത്തര മുതല്‍ കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ നിന്നും വിലാപയാത്രയായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് കൊണ്ടു വരും. 

വൈകുന്നേരം വരെ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ നിന്നും അയ്യര്‍കുന്ന് വഴി പാലായില്‍ എത്തിച്ച ശേഷം വ്യാഴാഴ്ച്ച വൈകിട്ട് രണ്ട് മണിവരെ മാണിയുടെ പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലും പൊതുദര്‍ശനത്തിനായി വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്ന് മണിക്ക് പാലാ കത്തീഡ്രല്‍ ചര്‍ച്ചിലാവും മാണിയുടെ സംസ്കാരചടങ്ങുകള്‍ നടക്കുക. 

ചൊവ്വാഴ്ച്ച വൈകിട്ട് അ‍ഞ്ചേകാലോടെയാണ് മാണിയുടെ മരണവാര്‍ത്ത ലേക്ക് ഷോര്‍ ആശുപത്രി പുറത്തു വിട്ടത്. ഇതിന് ശേഷം അര മണിക്കൂറോളം ആശുപത്രിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി ജി.സുധാകരന്‍, കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് നേതാക്കളും നൂറുകണക്കിന് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാണിയുടെ ഭൗതികദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു.

click me!