'ഇലക്ട്രിക്കൽ ജോലിക്കെന്ന് പറഞ്ഞാണ് മകനെ റഷ്യയിലെത്തിച്ചത്'; സഹായിക്കണമെന്ന് മുഖ്യമന്ത്രിയോട് ജയിന്റെ പിതാവ്

Published : Jan 15, 2025, 07:48 PM IST
'ഇലക്ട്രിക്കൽ ജോലിക്കെന്ന് പറഞ്ഞാണ് മകനെ റഷ്യയിലെത്തിച്ചത്'; സഹായിക്കണമെന്ന് മുഖ്യമന്ത്രിയോട് ജയിന്റെ പിതാവ്

Synopsis

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട മകനെ രക്ഷിക്കാനായി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി കുറാഞ്ചേരി സ്വദേശി ജയിന്റെ പിതാവ്. യുദ്ധത്തിൽ പരിക്കുപറ്റി മോസ്കോയിൽ ചികിത്സയിൽ കഴിയുകയാണ് ജെയിൻ. 

തിരുവനന്തപുരം: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട മകനെ രക്ഷിക്കാനായി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി കുറാഞ്ചേരി സ്വദേശി ജയിന്റെ പിതാവ്. യുദ്ധത്തിൽ പരിക്കുപറ്റി മോസ്കോയിൽ ചികിത്സയിൽ കഴിയുകയാണ് ജെയിൻ. ഇലക്ട്രിക്കൽ ജോലി വാ​ഗ്ദാനം ചെയ്താണ് മകനെ റഷ്യയിൽ എത്തിച്ചതെന്ന് പിതാവ് പറയുന്നു. തൃശ്ശൂർ സ്വദേശികളായ സിബി, സുമേഷ് ആന്റണി എന്നിവരും എറണാകുളം സ്വദേശി സന്ദീപുമാണ്  കൂലിപട്ടാളത്തിൽ ആളെ ചേർത്തതിന് പിന്നിലെന്നും പിതാവ് ആരോപിക്കുന്നു. റഷ്യയിലെത്തിയ ശേഷമാണ് കൂലി പട്ടാളത്തിലേക്ക് എന്ന് അറിഞ്ഞത്. മകനെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജെയിന്റെ പിതാവ് കുര്യൻ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരിക്കുന്നത്. 

അതേ സമയം, റഷ്യൻ കൂലിപ്പട്ടാളത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന ആവശ്യം ആവർത്തിക്കുകയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വ്യാജ തൊഴിൽ വാഗ്ദാനത്തിൽ അകപ്പെട്ട് റഷ്യൻ സേനയുടെ ഭാഗമായി തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബുവിന്റെ മരണത്തിന് പിന്നാലെ ആയിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് റൺധീര്‍ ജെയ്സ്വാൾ പ്രസ്താവന ഇറക്കിയത്. 

ബിനിൽ ബാബുവിന്‍റെ ഒപ്പമുണ്ടായിരുന്ന തൃശ്ശൂർ കുറാഞ്ചേരി സ്വദേശി ജെയിന്‍ റഷ്യൻ അധിനിവേശ യുക്രെയ്നിൽ നിന്നും റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിയിരുന്നു. ജെയിൻ തന്നെയാണ് വാട്സ്ആപ്പ് കോളിലൂടെ മോസ്കോയിലെത്തിയ വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്. യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തിൽ ജയിനും പരിക്കേറ്റിരുന്നു. ശേഷം കുറച്ച് നാൾ അവിടെയുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുൻപാണ് മോസ്കോയിലുള്ള ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലുള്ള ഫോട്ടോയും ജയിൻ ബന്ധുക്കൾക്ക് അയച്ച് കൊടുത്തിരുന്നു.  

കുടുംബസുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലും ജെയിനും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് ഇരുവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. പിന്നീടാണ് അവിടെ പെട്ടുകിടക്കുകയാണെന്ന് മനസ്സിലായത്. അവിടുത്തെ മലയാളി ഏജന്‍റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി