അട്ടിമറിക്കൂലി 13000 ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികൾ; സപ്ലൈകോയിലേക്കുള്ള കടല ഇറക്കാനായില്ല

By Web TeamFirst Published Apr 10, 2020, 2:52 PM IST
Highlights

ഗോഡൗണിൽ സാധനങ്ങൾ എത്തിച്ച് അട്ടിയാക്കി വെക്കുന്നതിനുള്ള കൂലിയാണ് അട്ടിമറിക്കൂലി. ഈ തുക നൽകേണ്ടത് ലോഡുമായി വന്നവരാണെന്ന് തൊഴിലാളികൾ പറയുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊവിഡ് കാലത്ത് പ്രഖ്യാപിച്ച ദുരിതാശ്വാസ കിറ്റ് വിതരണത്തിനുള്ള കടല ഗോഡൗണിൽ ഇറക്കാൻ വിസമ്മതിച്ച് ചുമട്ട് തൊഴിലാളികൾ. അട്ടിമറിക്കൂലിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണിത്. തിരുവനന്തപുരം വലിയതുറയിലെ സപ്ലൈകോ ഗോഡൗണിലാണ് പ്രശ്നം.

നാഫെഡിൽ നിന്നാണ് ഒരു കണ്ടെയ്‌നർ നിറയെ കടല ഇന്ന് വലിയതുറയിൽ എത്തിയത്. ലോറിയിൽ നിന്ന് കടല താഴെയിറക്കാനുള്ള കൂലി സപ്ലൈകോയാണ് നൽകേണ്ടത്. ഇവിടെ നിന്നും ഗോഡൗണിൽ സാധനങ്ങൾ എത്തിച്ച് അട്ടിയാക്കി വെക്കുന്നതിനുള്ള കൂലിയാണ് അട്ടിമറിക്കൂലി. ഈ തുക നൽകേണ്ടത് ലോഡുമായി വന്നവരാണെന്ന് തൊഴിലാളികൾ പറയുന്നു.

എന്നാൽ ചുമട്ടുതൊഴിലാളികളുടെ ഈ വാദം നാഫെഡ് അംഗീകരിച്ചില്ല. നാഫെഡിന് ഇത്തരത്തിലൊരു നിയമമില്ലെന്നാണ് ഇവരുടെ വാദം. 13000 രൂപയാണ് തൊഴിലാളികൾ കൂലിയായി അനുവദിച്ചത്. വിവിധ ട്രേഡ് യൂണിയനുകളിലെ അംഗങ്ങളായവർ സ്ഥലത്തുണ്ട്. ഇരുപക്ഷവും തീരുമാനത്തിൽ ഉറച്ച് നിന്നതോടെയാണ് സാധനങ്ങൾ ഇറക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടിരിക്കുന്നത്.
 

click me!