കൊവിഡ് മൂലം മരിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ്; ഡിസംബറിന് ശേഷം ഇതാദ്യം

By Web TeamFirst Published Jul 3, 2021, 7:06 PM IST
Highlights

കൊവിഡ് മരണങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് ചർച്ചയായതോടെ 2020 ഡിസംബറിലാണ് പേരും വിവരങ്ങളും നൽകുന്നത് സർക്കാർ നിർത്തിയത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് മരണം സ്ഥിരീകരിച്ച 135 പേരുടെ പേരുകള്‍ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വർഷം ഡിസംബർ മുതൽ നിർത്തിവെച്ച നടപടിയാണ് സുതാര്യതാ വിവാദമുയർന്നതോടെ തിരുത്തുന്നത്. മരിച്ചവരുടെ പേരടക്കമുള്ള വിവരങ്ങൾ ഇന്ന് മുതൽ ജില്ലാതലത്തിലാണ് പ്രസിദ്ധീകരിക്കുക. കൊവിഡ് മരണങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് ചർച്ചയായതോടെ 2020 ഡിസംബറിലാണ് പേരും വിവരങ്ങളും നൽകുന്നത് സർക്കാർ നിർത്തിയത്.

ഇതോടെ മരണങ്ങൾ ഒത്തുനോക്കാനും ഒഴിവായത് കണ്ടെത്താനും കഴിയാതെയായി. കൊവിഡ് മരണങ്ങളിൽ നഷ്ടപരിഹാരത്തിന് സുപ്രിം കോടതി നിർദേശം വന്നതോടെ ഇത് വീണ്ടും ചർച്ചയായി. പേരുകൾ തുടർന്നും പ്രസിദ്ധീകരിക്കുന്നത് പരിശോധിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരമ്പരയോടുള്ള പ്രതികരണത്തിൽ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.  

അതേസമയം ഔദ്യോഗിക പട്ടികയിൽ നിന്ന് വിട്ടുപോയ കൊവിഡ് മരണങ്ങൾ കണ്ടെത്താനുള്ള നടപടിക്ക് സർക്കാർ നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന കണക്കുകളും ജില്ലാതലത്തിൽ കളക്ടര്‍മാര്‍ പുറത്തുവിട്ടിരുന്ന കണക്കും തമ്മിലുണ്ടായിരുന്നത് വലിയ വൈരുധ്യമാണ്.  വിവാദം തുടർക്കഥയായതോടെ കളക്ടർമാർ മരണ വിവരം പറയുന്നത് നിർത്തി.  ഇപ്പോൾ സർക്കാർ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച മരണക്കണക്കുകളില്‍ നിന്ന് വിട്ടുപോയവ കണ്ടെത്താനാണ് നിർദേശം. സർക്കാർ പട്ടികയിലുണ്ടായിട്ടും താഴേത്തട്ടിൽ രജിസ്റ്റർ ചെയ്യപ്പെടാത്ത മരണങ്ങളാണ് കണ്ടെത്തുന്നത്. ഡിഎംഒമാർക്കാണ് നിർദേശം. 

click me!