
കൊച്ചി: നിപ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഏഴ് പേര്‍ ഐസൊലേഷൻ വാർഡിലാണ്. ഇന്ന് പരിശോധനക്കയച്ച നാല് പേരുടെ ഫലത്തിൽ കുഴപ്പമില്ലെന്നാണ് പ്രാഥമിക നിഗമനം.
പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് കൂടുതൽ പരിശീലനം നടത്തി വരികയാണ്. നാളെ സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിലും പരിശീലന പരിപാടികളും പ്രതിരോധ പ്രവർത്തനങ്ങളും നടത്തും. വൈറസിന്റെ ഉറവിടം കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഇന്ന് എത്തിച്ച ഹ്യൂമൻ മോനോക്ലോണൽ ആന്‍റി ബോഡി രോഗിക്ക് നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കൂടുതൽ പരിശോധനകൾക്കു ശേഷം തീരുമാനമെടുക്കും. നിലവിൽ റിബാ വൈറിന്‍ രോഗിക്ക് നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ചികിത്സയില്‍ കഴിയുന്ന യുവാവ് ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട ആറു രോഗികളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴ, പൂന ലാബുകളിലേക്ക് അയച്ചിട്ടുണ്ട്.
രോഗിയുമായ സമ്പര്‍ക്കത്തിലിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ളവരുടെ പട്ടികയില്‍ മൂന്നുപേരെക്കൂടി ചേര്‍ത്തതോടെ എണ്ണം മൊത്തം 314 ആയി. പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ നിലവിലുള്ള 1077 നു പുറമെ 04842425200 എന്ന നമ്പരിലും വിളിക്കാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam