
തിരുവനന്തപുരം: കൊറോണ വൈറസ് ഭീതി പടരുമ്പോള്‍ ഐസൊലേഷന്‍ വാര്‍ഡിലെ അനുഭവങ്ങൾ പങ്കുവച്ച കണ്ണൂര്‍ സ്വദേശി ഷാക്കിര്‍ സുബ്ഹാന്‍ എന്ന മല്ലൂ ട്രാവലര്‍ക്ക് അഭിനന്ദനവുമായി ആരോഗ്യമന്ത്രി കെകെ ഷൈലജ. രോഗബാധയുണ്ടെന്ന സാഹചര്യത്തില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വരുന്ന ആളുകള്‍ ആരോഗ്യ വകുപ്പിനെ കബളിപ്പിച്ച് രക്ഷപ്പെടുന്ന സാഹചര്യത്തില്‍ ഷാക്കിറിന്റെ പ്രവര്‍ത്തി മാതൃകാപരമാണെന്നും അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പത്ര സമ്മേളനത്തില്‍ അറിയിച്ചു.
സോളോ ബൈക് ട്രിപ് ചെയ്ത ഷാക്കിര്‍ കൊറോണ കാരണം ഇറാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മറ്റു രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സ്വദേശമായി കണ്ണൂരിലേക്ക് തിരിക്കുന്നത്. അത് വരെ തന്റെ കൂട്ടായ ബൈക്ക് കസ്റ്റംസിനെ ഏല്‍പ്പിച്ച് ഷാക്കിര്‍ ഉടന്‍ തന്നെ കണ്ണൂര്‍ എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി പറന്നു. വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്നെ ആരോഗ്യ പ്രവർത്തകർ ഷാക്കിർ സന്ദർശിച്ച രാജ്യങ്ങൾ ചോദിച്ചറിഞ്ഞു. കൊറോണ ബാധിച്ച രാജ്യങ്ങളിൽ നിന്നാണ് വന്നതെന്ന് അറിഞ്ഞതിനാൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുമെന്ന് പറഞ്ഞു.
യാതൊരു മടിയുമില്ലാതെ ഷാക്കിർ ആരോഗ്യ പ്രവർത്തകരുമായി സഹകരിച്ചു. ആംബുലൻസിൽ കണ്ണൂർ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പോകുന്നതും അവിടെ ചെലവഴിച്ച ദിവസങ്ങളും വ്ലോഗിൽ കാണിക്കുന്നുണ്ട്.
യാത്രയിലുടനീളം മുഖാവരണം ധരിച്ചതിനാലും ബൈക്കിലൂടെയുള്ള യാത്രയില്‍ ഹെല്‍മറ്റും മുഖം മറച്ചതും തന്നെ ഒരുപാട് രക്ഷിച്ചിട്ടുണ്ടെന്നും ഷാക്കിര്‍ വീഡിയോ വ്ലോഗില്‍ പറയുന്നുണ്ട്. ആശുപത്രിയില്‍ നിന്നും ആരോഗ്യ വകുപ്പില്‍ നിന്നും ലഭിച്ച ചികിത്സ അഭിനന്ദനാര്‍ഹമാണെന്ന് പറഞ്ഞ ഷാക്കിര്‍ തനിക്ക് ലഭിച്ച പരിരക്ഷയില്‍ സന്തോഷം രേഖപ്പെടുത്തി.
നിലവിൽ രണ്ട് വീഡിയോകളാണ് ഷാക്കിർ പങ്കുവച്ചിരിക്കുന്നത്. ഷാക്കീറിനെ എയര്‍പോര്‍ട്ടില്‍ നിന്നും കണ്ണൂര്‍ കൊറോണാ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുന്നതാണ് ഒന്നാമത്തെ വീഡിയോയിൽ ഉള്ളത്. രോഗലക്ഷണങ്ങളുണ്ടായിരുന്ന കുറച്ചാളുകളെ കൂടി അഡ്മിറ്റ് ആക്കിയിട്ടുണ്ടെന്നും എല്ലാവരും ഇവിടെ സന്തോഷമായിരിക്കുന്നുവെന്നുമായിരുന്നു രണ്ടാമത്തെ വീഡിയോ. കേരളം എങ്ങനെ മാരക വൈറസിനെ നേരിട്ടുന്നു എന്നതിന്റെ കൃത്യമായ ദൃശ്യാവിഷ്ക്കാരമാണ് ഈ വ്ലോഗ് എന്നാണ് സൈബർ ലോകം പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam