
തിരുവനന്തപുരം: കൂടുതൽ കൊവിഡ് വാക്സീൻ നൽകാൻ നടപടിയെടുക്കുമെന്ന് സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ ഉറപ്പ്. വാക്സീൻ ഉത്പാദനം കൂട്ടാൻ കഴിഞ്ഞിട്ടുണ്ടെന്നും കൂടുതൽ വാക്സീനെത്തിക്കുമെന്നും കേരളത്തിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചു. ഈ മാസവും അടുത്തമാസവുമായി 1.1 കോടി ഡോസ് വാക്സീൻ വേണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.
കൊവിഡ് മൂലമുള്ള മരണനിരക്ക് കുറക്കാൻ സാധിച്ചതിലും വാക്സീൻ പാഴാക്കാത്തതിലും സംസ്ഥാനത്തെ അഭിനന്ദിച്ച കേന്ദ്രമന്ത്രി, കൊവിഡ് പടരുന്ന സാഹചര്യത്തിൽ കേരളത്തിലെ ഓണം ആഘോഷം കരുതലോടെ വേണമെന്നും നിർദ്ദേശിച്ചു.
വാക്സീനേഷനിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിലാണെന്ന് ചർച്ചയിൽ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. രണ്ടാംതരംഗം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പതിയെയാണ് വ്യാപിച്ചത് എന്നതിനാലാണ് പ്രതിദിന കേസുകൾ ഇപ്പോഴും കുറയാതെ നിൽക്കുന്നതെന്നാണ് വിലയിരുത്തൽ.
കൊവിഡ് വ്യാപനം കുറയാതെ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്രമന്ത്രി, മെഡിക്കൽ കോളേജിലും സന്ദർശനം നടത്തും. സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തെ ബിജെപി സംസ്ഥാന നേതൃത്വവും കേന്ദ്രസഹമന്ത്രി വി മുരളീധരനും വരെ വിമർശിച്ച സാഹചര്യത്തിലാണ് കേന്ദ്രസംഘത്തിന്റെയും കേന്ദ്ര ആരോഗ്യമന്ത്രിയുടെയും നിലപാടുകൾ ശ്രദ്ധേയമാകുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam