കൊറോണ:പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല, 100 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി

By Web TeamFirst Published Feb 4, 2020, 9:21 PM IST
Highlights

ചൈനയിൽ നിന്ന് വന്നവർ വീടുകളിൽ തന്നെ തങ്ങണം. നിരീക്ഷണത്തില്‍ ഉള്ളവർ വിദേശത്ത് പോയത് ശരിയല്ലെന്നും മന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് പുതിയതായിആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് 100 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2321 പേര്‍ വീടുകളിൽ നിരീക്ഷണത്തിലാണ് കഴിയുന്നത്. ഇവര്‍ 28 ദിവസം തന്നെ നിരീക്ഷണത്തില്‍ കഴിയണം. ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളവരുടെ ഇൻക്വിബേഷൻ സമയം കഴിഞ്ഞാൽ മാത്രമേ സ്ഥിതി നിയന്ത്രണ വിധേയമാകുവെന്നും വ്യക്തി ശുചിത്വം പാലിക്കണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചൈനയിൽ നിന്ന് വന്നവർ വീടുകളിൽ തന്നെ തങ്ങണം. നിരീക്ഷണത്തില്‍ ഉള്ളവർ വിദേശത്ത് പോയത് ശരിയല്ല. ആരോഗ്യവകുപ്പിനെ അറിയിക്കാതെ പോകരുത്. അവര്‍ എങ്ങനെയാണ് പോയതെന്ന് അറിയില്ലെന്നും ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

കാസർഗോഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന രണ്ട് പേരെകൂടെ ഐസൊലേഷന്‍ വാർഡിൽ പ്രവേശിപ്പിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ സമാനമായ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് നടപടി. ഇവരുടെ പരിശോധനാഫലം പുറത്ത് വന്നിട്ടില്ല. ചൈനയില്‍ നിന്നെത്തിയ 91 പേരും മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയ മൂന്ന് പേരും ഉള്‍പ്പെടെ 94 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 17  പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. അഞ്ചുപേരുടെ  പരിശോധന ഫലം ലഭിച്ചതില്‍ ഒരാളുടെ  ഫലം മാത്രമാണ് പോസിറ്റീവ് ആയിട്ടുള്ളത്. 12 പേരുടെ ഫലം ലഭിക്കാനുണ്ട്. ആലപ്പുഴയില്‍ 182 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരില്‍  15 പേർ ആശുപത്രികളിലെ ഐസൊലേഷൻ വാർഡിലാണുള്ളത്. ആലപ്പുഴയില്‍ നിന്നും അയച്ച 25 പേരുടെ സാമ്പിളുകളില്‍ പതിനൊന്ന് പരിശോധനാ ഫലം വന്നു. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ രണ്ടാമത്തെ സാമ്പിള്‍ ഒഴികെ ബാക്കിയെല്ലാം നെഗറ്റീവാണ്. 

click me!