ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം ഒരിക്കലും അംഗീകരിക്കില്ല, ശക്തമായ നടപടി: വീണാ ജോര്‍ജ്

Published : Nov 30, 2022, 07:58 PM IST
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം ഒരിക്കലും അംഗീകരിക്കില്ല, ശക്തമായ നടപടി: വീണാ ജോര്‍ജ്

Synopsis

കേരളത്തില്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരമാവധി അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. നഴ്‌സിംഗ് മേഖലയില്‍ കൂടുതല്‍ സീറ്റ് വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ ആരോഗ്യ മേഖലയുടെ മികവ് ആരോഗ്യ പ്രവര്‍ത്തകരുടെ മികവാണ്. കോവിഡ് മഹാമാരിയില്‍ മൂന്ന് തരംഗങ്ങളേയും കേരളം ഫലപ്രദമായി അതിജീവിച്ചു. വലിയ ആശങ്കയോടെ ലോകം കണ്ട മഹാമാരിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ത്യാഗോജ്ജ്വല പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു.

നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് പോരാട്ടത്തിനിടെ ജീവന്‍ നഷ്ടമായത്. അവര്‍ക്ക് പകരം വയ്ക്കാനാകില്ല. പ്രിയപ്പെട്ടവരുടെ വേദനയ്‌ക്കൊപ്പം പങ്കുചേരുന്നു. നഴ്‌സിംഗ് കൗണ്‍സില്‍ അവരുടെ കുടുംബത്തെ ചേര്‍ത്തു പിടിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് ഡ്യൂട്ടിയ്ക്കിടെ മരണമടഞ്ഞ നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരമാവധി അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. നഴ്‌സിംഗ് മേഖലയില്‍ കൂടുതല്‍ സീറ്റ് വര്‍ധിപ്പിക്കും. കൊല്ലം, മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ നഴ്‌സിംഗ് കോളേജ് ആരംഭിച്ചു. ഇവിടെ മാത്രമായി 120 സീറ്റുകള്‍ വര്‍ധിപ്പിച്ച് അഡ്മിഷന്‍ നടത്തി. കൂടാതെ നിലവിലെ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ 92 നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിച്ചു. സര്‍ക്കാര്‍, സ്വകാര്യ നഴ്‌സിംഗ് കോളേജുകളില്‍ ആകെ 550 നഴ്‌സിംഗ് സീറ്റുകളാണ് വര്‍ധിപ്പിച്ചത്. അടുത്ത വര്‍ഷം ഗുണനിലവാരം ഉറപ്പ് വരുത്തി കൂടുതല്‍ സീറ്റ് ലഭ്യമാക്കും. നഴ്‌സിംഗ് കൗണ്‍സില്‍ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനാണ് പരിശ്രമിക്കുന്നത്. കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാക്കും. അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ അദാലത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി. മീനാക്ഷി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള നഴ്‌സസ് & മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്ട്രാര്‍ പ്രൊഫ. എ.ടി. സുലേഖ, പ്രസിഡന്റ് പി. ഉഷാ ദേവി, വൈസ് പ്രസിഡന്റ് ടി.പി. ഉഷ, നഴ്‌സിംഗ് സര്‍വീസസ് അഡീ. ഡയറക്ടര്‍ എം.ജി. ശോഭന, നഴ്‌സിംഗ് വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. സലീനാ ഷാ എന്നിവര്‍ പങ്കെടുത്തു. മരണമടഞ്ഞ വര്‍ക്കല താലൂക്ക് ആശുപത്രിയിലെ പി.എസ്. സരിത, നെയ്യാറ്റിന്‍കര മിംസ് മെഡിസിറ്റിയിലെ എസ്. ഗായത്രിദേവി, 108 ആംബുലന്‍സിലെ മെല്‍ബിന്‍ ജോര്‍ജ്, ആംസ്റ്റര്‍ മലബാര്‍ മെഡിസിറ്റിയിലെ ദിവ്യ ജോര്‍ജ്, കുന്നംകുളം താലൂക്ക് ആശുപത്രിയിലെ എ.എ. ആഷിഫ് എന്നിവുടെ കുടുംബാംഗങ്ങള്‍ക്കാണ് ധനസഹായം നല്‍കിയത്.

Read More : അതിർത്തിക്ക് മുകളിൽ ഹെറോയിനുമായി പാക് ഡ്രോണുകൾ, വെടിവെച്ച് വീഴ്ത്തി വനിതാ സൈനികർ; രാജ്യത്തിന് അഭിമാനം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊടിക്കുന്നിൽ സുരേഷ് എംപി എൻഎസ്എസ് ആസ്ഥാനത്ത്; തിരിച്ചുപോയശേഷം വീണ്ടുമെത്തി, സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് പ്രതികരണം
യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിലായി; കെഎസ്ആര്‍ടിസി ബസിൽ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍