കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു; 12 കാരന്‍റെ മൂന്ന് സാമ്പിളുകളും പോസിറ്റീവ്, ആശങ്ക വേണ്ടെന്ന് മന്ത്രി

By Web TeamFirst Published Sep 5, 2021, 8:06 AM IST
Highlights

രാത്രി വൈകിയാണ് നിപ സ്ഥീരീകരണം വന്നത്. മൂന്ന് സാമ്പിളും പോസിറ്റീവായിരുന്നു. അതീവ ഗുരുതര അവസ്ഥയിലായിരുന്ന കുട്ടി പുലര്‍ച്ചെ മരിച്ചു.

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു. വൈറസ് ലക്ഷണങ്ങളോടെ മരിച്ച 12 വയസുകാരന്‍റെ സാമ്പിളുകള്‍ പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. രാത്രി വൈകിയാണ് നിപ സ്ഥീരീകരണം വന്നത്. മൂന്ന് സാമ്പിളും പോസിറ്റീവായിരുന്നു. അതീവ ഗുരുതര അവസ്ഥയിലായിരുന്ന കുട്ടി പുലര്‍ച്ചെ മരിച്ചു. അടിയന്തര കര്‍മപദ്ധതി തയ്യാറാക്കിയെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട്ടെ മന്ത്രിമാർ ശശീന്ദ്രൻ, അഹമ്മദ് ദേർകോവിൽ, മുഹമ്മദ് റിയാസ് എന്നിവരടങ്ങുന്ന യോഗം ചേർന്നു. ആരോഗ്യ വകുപ്പ് ആക്ഷൻ പ്ലാനുണ്ടാക്കിയിട്ടുണ്ട്. പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറാക്കി അവരെ എല്ലാം ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആശങ്കപ്പെടാനില്ലെന്നും മന്ത്രി അറിയിച്ചു. നാല് ദിവസം കുട്ടിക്ക് പനി ഉണ്ടായിരുന്നു. രോഗിയുടെ കുടുംബത്തിലോ പ്രദേശവാസികൾക്കോ രോഗ ലക്ഷണങ്ങൾ ഇല്ലെന്നും ഉറവിടം പരിശോധിക്കുകയാണെന്നും മന്ത്രി  പറഞ്ഞു.

Also Read: നിപ സ്ഥിരീകരിച്ച വാർഡ് അടച്ചു; 17 പേര്‍ നിരീക്ഷണത്തിൽ, കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത

ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. നിപയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ക്രമീകരണങ്ങൾ ഉള്ളതിനാൽ അത് തുടർന്ന് പോകുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യമന്ത്രി യുടെ നേതൃത്വത്തിൽ വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കൊവിഡ് സഹചര്യമായതിനാൽ ആശുപത്രികളിൽ നല്ല തയ്യാറെടുപ്പുകളെണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: കേരളത്തിൽ വീണ്ടും നിപ? അറിയാം ലക്ഷണങ്ങള്‍ എന്ത്, എങ്ങനെ, ചികിത്സ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!