'ജാഗ്രതയോടെ ഈ കാലഘട്ടത്തില്‍ ലിനിയുടെ ഓര്‍മ്മകള്‍ പുതുക്കാം', സിസ്റ്റർ ലിനിയെ സ്മരിച്ച് വീണാ ജോർജ്

By Web TeamFirst Published May 21, 2021, 10:51 AM IST
Highlights

വിശ്രമമില്ലാതെ  കരുതലോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുന്നുവെന്ന് വീണാ ജോർജ്...


തിരുവനന്തപുരം: നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോ​ഗം ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയെ സ്മരിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. അതി ജാഗ്രതയോടെ ഈ കാലഘട്ടത്തില്‍ നമുക്ക് ലിനിയുടെ ഓര്‍മ്മകള്‍ പുതുക്കാം. വിശ്രമമില്ലാതെ  കരുതലോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുന്നുവെന്ന് വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റ്

ധീരമായ ഓർമ്മകൾ ശേഷിപ്പിച്ച് സിസ്റ്റർ ലിനി നമ്മെ വിട്ടിപിരിഞ്ഞിട്ട് മൂന്ന് വർഷം. പകർച്ചവ്യാധികൾക്കെതിരായ മുന്നണി പോരാട്ടത്തിൽ ഏറ്റവും ത്യാഗോജ്ജ്വലമായ ഓർമ്മയാണ് സിസ്റ്റർ ലിനി. ലിനിയുടെ ഭര്‍ത്താവ് സജീഷിനെ രാവിലെ വിളിച്ചിരുന്നു. ചക്കിട്ടപ്പാറ പഞ്ചായത്തിലെ സാമൂഹ്യ അടുക്കളയിലേക്ക് ആവശ്യമായ എല്ലാ ആഹാര സാധനങ്ങളും ഇന്ന് ആ കുടുംബം നല്‍കുകയാണ്. ലിനിയുടെ ഓര്‍മ്മ ദിവസം ഏറ്റവും മാതൃകാപരമായി തന്നെയാണ് ആ കുടുംബം ആചരിക്കുന്നത്.
കേരളത്തെ ഭീതിയിലാക്കിയ നിപ്പാ കാലത്ത് സ്വന്തം ജീവന്‍ ത്യജിച്ച് രോഗി പരിചരണത്തിന്റെ മഹത്തായ സേവന സന്ദേശം നല്‍കിയ ലിനിയെ മലയാളിക്ക് മറക്കാനാവില്ല. 2018 മെയ് 21ന് കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു ലിനിയുടെ മരണം. നിപ്പാ രോഗം പകര്‍ന്നു എന്ന് സംശയം ഉണ്ടായപ്പോള്‍ സഹപ്രവര്‍ത്തകരോടും  വീട്ടുകാരോടും ലിനി കാണിച്ച മുന്‍കരുതല്‍ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. മരണം മുന്നില്‍ കണ്ടപ്പോഴും മക്കളുള്‍പ്പെടെയുള്ളവരെ കാണാതെ, ആത്മധൈര്യം കൈവിടാതെ ലിനി രോഗത്തോട് പൊരുതി. കോവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തി നാടിനെ സേവിക്കുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ലിനിയുടെ ജീവിതം ആവേശമാണ്. അതി ജാഗ്രതയോടെ ഈ കാലഘട്ടത്തില്‍ നമുക്ക് ലിനിയുടെ ഓര്‍മ്മകള്‍ പുതുക്കാം.. വിശ്രമമില്ലാതെ  കരുതലോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുന്നു.
 

click me!